യുകെയില്‍ നീണ്ട ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ രണ്ട് ലക്ഷം കേസുകള്‍ വരെ വന്ന ശേഷം ഏതാനും ദിവസങ്ങളായി കുറഞ്ഞുവരുന്ന കേസുകള്‍ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. 99,952 പോസിറ്റീവ് ടെസ്റ്റുകളാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത .
കഴിഞ്ഞ ആഴ്ചയില്‍ നിന്നും 44 ശതമാനം കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകള്‍ താഴുന്നുവെന്നാണ് സൂചന. കൂടാതെ നാല് ഹോം നേഷണുകളിലും കേസുകള്‍ ഒരു പോലെ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്നാണ് വിലയിരുത്തല്‍ . ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ നിലയിലാണ്. ജനുവരി 10ലെ കണക്കുകള്‍ പ്രകാരം 2423 പുതിയ അഡ്മിഷനുകളാണ് ഉണ്ടായിട്ടുള്ളത്.
മാസത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ പ്ലാന്‍ ബി വിലക്കുകള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ കോവിഡ് പാസ്പോര്‍ട്ടും, വര്‍ക്ക് ഫ്രം ഹോം നിബന്ധനകളും റദ്ദാക്കാന്‍ മന്ത്രിമാര്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. അതേസമയം ഏറ്റവും വലിയ സൂചകമായ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 270 പേരുടെ മരണമാണ് ഒടുവിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി കുറവാണ് ഇപ്പോഴത്തെ മരണങ്ങള്. അതേസമയം സമ്മറില്‍ കോവിഡ് കേസുകളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുമെന്നാണ് സേജ് ഗ്രൂപ്പിന്റെ പ്രവചനം.
സമ്മറില്‍ തരംഗം കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ആളുകളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുകയും, വാക്സിന് പ്രതിരോധം കുറയുകയും ചെയ്യുമ്പോള്‍ കേസുകള്‍ ഉയരുമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്.