ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിസന്ധി വിവാദത്തില്‍ പ്രധാനമന്ത്രി കസേര നഷ്ടപ്പെടാതിരിക്കാനുള്ള തീവ്ര ശ്രമവുമായി ബോറിസ് ജോണ്സണ്. നമ്പര്‍ 10 ഗാര്ഡന് പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്ട്ടിന് റെയ്നോള്‍ഡ്സും, ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടി സ്റ്റുവര്‍ട്ട് ഗ്ലാസ്ബോറാവും ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ റോസെന്ഫീല്ഡിനും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന.
എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളുടെ പേരില്‍ ക്യാബിനറ്റിലും, ടോറി ബാക്ക്ബെഞ്ചിലും രോഷം ശമിച്ചിട്ടില്ല. ഇതേക്കുറിച്ച് നടക്കുന്ന ഔദ്യോഗിക അന്വേഷണം ബോറിസിനെ നേരിട്ട് കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയുടെ അടുപ്പക്കാര്‍. ഇതുവഴി അധികാരത്തില്‍ പിടിച്ചുനില്ക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, പ്രധാനമന്ത്രിക്ക് രാജ്യത്തെ നയിക്കാനുള്ള അധികാരം നഷ്ടപ്പെട്ടെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ബോറിസ് പ്രധാനമന്ത്രി പദം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായ ഇടത് സോഷ്യലിസ്റ്റ് തിങ്ക്-ടാങ്ക് ഫാബിയന്‍ സൊസൈറ്റിയില്‍ സംസാരിക്കവെയാണ് ലേബര്‍ നേതാവ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പ്രധാനമന്ത്രി പ്രതിസന്ധി ഘട്ടത്തില്‍ മുങ്ങിനടക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. ബോറിസിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ടോറി എംപിമാരോട് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്.