കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യാഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിഐപി വിവാദത്തില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങിയതായി റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനേയും ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ലയേയും ക്രൈംബ്രാഞ്ച് ഒരുമിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം സംഘം ഇതുവരേയും പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാന്‍ ഇരുവരുടേയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി താനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോട്ടയം സ്വദേശിയായ മെഹ്ബൂബ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വ്യവസായി താനല്ലെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
ദിലീപിനെ ഒരു തവണ മാത്രമാണ് വീട്ടില്‍ പോയി കണ്ടതെന്നും ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അതെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
കേസിലെ വി.ഐ.പിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹ്ബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.