ആലപ്പുഴ: എ.ആര്. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ പോലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്ല(27), മകന് എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക പീഡനമാണു സംഭവത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയില്‍ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയ്ക്കു തിരിച്ചെത്തിയപ്പോള്‍ കതകു തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതില്‍ തകര്‍ത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
റെനീസും നജ്ലയും വഴക്കും തര്‍ക്കവും പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്ല അയല്‍വാസികളോടു പറഞ്ഞിട്ടുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്ല മാന്‍സിലില്‍ (കുഴിയില്‍ വീട്) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്ല. സഹോദരി: നഫ്ല.
മൂവരുടെയും കബറടക്കം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.