മൂന്നര വയസുകാരനെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ്
തൊടുപുഴയില്‍ മൂന്നര വയസുകാരനെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദിനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ.
21 വര്‍ഷത്തില്‍ 19 വര്‍ഷം കഠിന തടവാണ്. ഇത് കൂടാതെ മൂന്നു ലക്ഷത്തി എണ്‍പത്തി ഒരായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരന്റെ സഹോദരന് പ്രതിയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുണ്‍ മര്‍ദിച്ചത്. ഏഴു വയസുകാരനാണ് മരിച്ചത്. കൊലപാതക കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മൂത്ത കുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ അരുണ്‍ ആനന്ദാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് വ്യക്തമായിരുന്നു. ഏഴു വയസുകാരന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട കുട്ടിയും മൂന്നര വയസുകാരനും പീഡനത്തിന് ഇരയായിതായി കണ്ടെത്തി. തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.