തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. എ.ഐ.സി.സി.യുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് അറിയിച്ചു.
വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി. തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.
തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കെ.വി. തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ കെ.വി തോമസിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എന്റെ തെരഞ്ഞെടുപ്പില്‍ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങിയോ അതുപോലെയായിരിക്കും ഡോ. ജോ ജോസഫിന്റെ പ്രചരണത്തിലും പങ്കാളിയാകുകയെന്നും താന്‍ ഒരു കോണ്ഗ്രസുകാരന് തന്നെയാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ ചെയ്യട്ടെയെന്നും 2018 മുതല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അറ്റാക്ക് ഇവിടെ നടക്കുന്നുണ്ടെന്നും കെ.വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പുറത്താക്കാന്‍ മാത്രം പ്രാധാന്യം കെ.വി. തോമസിന് കൊടുത്തിട്ടില്ലെന്നായിരുന്നു സംഭവത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ വാദം. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കും, കോണ്‍ഗ്രസുകാരനായി തുടരും എന്ന് പറയുന്നത് ഒന്നൊന്നര തമാശയാണെന്നായിരുന്നു രാജ്യസഭാ എം.പിയും എ.ഐ.സി.സി അംഗവുമായ കെ.സി വേണുഗോപാലിന്റെ പ്രതികരണം.