ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര് മരിച്ച സംഭവം; കെട്ടിടഉടമ ഒളിവില്‍
ഡല്‍ഹി: കെട്ടിടത്തിന് തീപിടിച്ച് 27 പേര് മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരം മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുളള കെട്ടിടത്തിനാണ് തീപിടിച്ചത്. ഈ കെട്ടിടത്തിന് തീപിടിത്തത്തില്‍ എന്‍ഒസി ഇല്ലെന്നും പൊലീസ് പറഞ്ഞു. കെട്ടിട ഉടമ മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'കെട്ടിടത്തിന് തീപിടിത്ത എന്‍ഒസി ഇല്ലായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ര ഇപ്പോള്‍ ഒളിവിലാണ്, ഇയാളെ ഉടന്‍ പിടികൂടും.' എന്ന് ഡിസിപി സമീര്‍ ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീപിടിത്തത്തി ല്‍ ഇതുവരെ 27 പേര് മരിക്കുകയും 12 പേര്‍ക്ക് പരുക്കേ ല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായം തേടും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. സിസിടിവി ക്യാമറകളുടെയും റൂട്ടര്‍ നിര്‍മാണ കമ്പനിയുടേയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി ഉടമകള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പരുക്കേറ്റവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്. മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തുകയായിരുന്നു.