നാറ്റോയില്‍ ചേരുന്ന ഫിന്‍ലാന്‍ഡും, സ്വീഡനും ഇവിടെ സൈനിക ബേസുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കിയാല് യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി. സ്വീഡന്റെ ഭരണപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ രാജ്യത്തിന്റെ നാറ്റോ അംഗത്വത്തിന് എതിരായി പുലര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഭീഷണി.
സഖ്യത്തില്‍ ചേരാനുള്ള താല്പര്യം ഫിന്‍ലാന്‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്വീഡനും ഈ വഴിയില്‍ ചേര്‍ന്നത്. ഭയന്നാണ് ഇരുരാജ്യങ്ങളും നാറ്റോയില്‍ ചേരാന്‍ പോകുന്നതെന്ന് റഷ്യയിലെ പുടിന് അനുകൂലികള്‍ പറയുന്നു. എന്നാല്‍ നാറ്റോയില്‍ ചേരുന്നതാണ് കൂടുതല്‍ ഭയക്കേണ്ടത്. സ്വീഡനിലും, ഫിന്‍ലാന്‍ഡിലും നാറ്റോ ബേസുകള്‍ വന്നാല്‍ റഷ്യക്ക് മേഖലയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ ടാക്ടിക്കല്‍ ആണവായുധങ്ങള്‍ നിരത്താതെ മറ്റ് മാര്‍ഗം കാണില്ല, റഷ്യന്‍ ദേശീയ ചാനല്‍ പറഞ്ഞു.
നാറ്റോ നോര്‍ഡിക് മേഖലയില്‍ നടത്തുന്ന വിപുലീകരണത്തിന് പ്രതികരണമെന്ന നിലയില്‍ പോളണ്ടിനും, ലിത്വാനിയയ്ക്കും ഇടയിലുള്ള കാലിനിന്‍ഗ്രാഡ് എന്‍ക്ലേവില്‍ ആണവായുധങ്ങളും, ഹൈപ്പര്‍സോണിക് മിസൈലുകളും സ്ഥാപിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന് ദിമിത്രി മെദ്വെദേവ് വ്യക്തമാക്കിയിരുന്നു.
യുക്രൈയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം പ്രധാനമായും നാറ്റോയുടെ വികസനത്തിന് തടയിടുകയെന്ന ലക്ഷ്യത്തില്‍ ആരംഭിച്ചതാണ്. എന്നാല്‍ സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതലായി സഖ്യത്തില്‍ ചേരാന്‍ മുന്നോട്ട് വരുന്നത് പദ്ധതിയെ തകര്‍ക്കുകയാണ്.
200 വര്‍ഷമായി സൈനിക സഖ്യങ്ങളില്‍ ചേരാതെ നിലനിന്ന ശേഷമാണ് സ്വീഡന് നാറ്റോയില്‍ ചേരാന്‍ താല്പര്യം അറിയിച്ചത്. പ്രധാനമന്ത്രി മഗ്ദെലെന ആന്‍ഡേഴ്സന്റെ പാര്‍ട്ടി ദശകങ്ങളായുള്ള നിലപാട് ഇപ്പോള്‍ തിരുത്തുകയാണ്. ഇത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്.