വിമാനയാത്രയ്ക്കിടെ പ്രസവം നടക്കുന്നതും അതിനായി അടിയന്തരലാന്റിംഗ് ഉള്‍പ്പെടെ നടത്തേണ്ടിവരുന്നതുമായ സംഭവങ്ങള്‍ കൂടിവരുകയാണ്. വളരെ റിസ്ക് ഒഴിവാക്കാന്‍ വിമാനകമ്പനികള്‍ ഗര്‍ഭിണികളുടെ യാത്രാനിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
മിക്ക പ്രമുഖ എയര്‍ലൈനുകളും ഗര്‍ഭിണികളായ സ്ത്രീകളെ 34 ആഴ്ചകള്‍ക്ക് ശേഷം യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടാന്‍ ക്യാബിന് ക്രൂവിന് പരിശീലനം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വന്നിരിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ 36 ആഴ്ചകള്‍ക്ക് മുകളില്‍ ഗര്‍ഭം ആയവര്‍ക്കാണ്. 28 മുതല്‍ 35 ആഴ്ച വരെ ആയവര്‍ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മൂന്നു ദിവസത്തിനകം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 27 ആഴ്ചകള്‍ വരെ നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല.
എയര്‍ അറേബ്യ 35 ആഴ്ച വരെയുള്ളവരെ അനുവദിക്കുമെങ്കിലും 7 ദിവസത്തിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് കാണിക്കണം. എയര്‍ അറേബ്യ 36 ആഴ്ചകള്‍ക്കുശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല. 28 ആഴ്ച വരെ ഇത്തിഹാദ് കമ്പനി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ 29 ആഴ്ച മുതല്‍ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ വേണം യാത്ര. 37 ആഴ്ചയ്ക്ക് ശേഷം ഒരു കാരണവശാലും യാത്ര അനുവദിക്കില്ല. അതുകൊണ്ടുതന്നെ യാത്ര പ്ലാനിടുന്ന ഗര്‍ഭിണികള്‍ അത് കുറച്ചു നേരത്തെയാക്കുന്നതാവും ഉചിതം.