'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഒരു ദൃശ്യവും താന്‍ കണ്ടിട്ടില്ല. എന്നെ പൊലീസ് പിടിച്ചതല്ല. രാവിലെ 11 മണിക്ക് സ്വന്തം വണ്ടി ഓടിച്ചാണ് ഞാന്‍ പൊലീസ് ക്ലബ്ബിലെത്തിയതെന്നും ശരത്ത് പ്രതികരിച്ചു. പത്തര മണിക്കൂറോളം ക്രെെംബാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു.
'ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്നില്ലല്ലോ. ബാലചന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ വശം പറഞ്ഞു. ഞാന്‍ എന്റെ വശവും കൃത്യമായി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്റെ കയ്യില്‍ യാതൊരു ദൃശ്യങ്ങളും വന്നിട്ടില്ല. എന്നെ ഇക്കയെന്ന് അവര്‍ വിളിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. എന്നെ അങ്ങനെയാരും വിളിച്ചിട്ടില്ല. എന്നെ അറിയുന്ന ഇവിടുത്തെ മുസ്ലീം സുഹൃത്തുക്കള്‍ക്ക് അറിയാം എന്നെ ഇക്കയെന്ന് ആരും വിളിക്കാറില്ലെന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് മൊഴിയെടുക്കലിന് വേണ്ടി എത്തിയത് ബാലചന്ദ്രകുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു', ശരത്ത് പറഞ്ഞു.
തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്.