യുകെയിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥി ലോണുകളുടെ പലിശ നിരക്ക് 12 ശതമാനത്തിലേക്ക് ഉയരുന്നത് തടയാന്‍ ഇടപെടലുമായി മന്ത്രിമാര്‍. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താനും, വിദ്യാര്‍ത്ഥികളുടെ കടത്തിലേക്ക് ആയിരക്കണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന .
പണപ്പെരുപ്പം കുതിച്ചുയരുന്നത് ലോണ്‍ എടുക്കുന്നവര്‍ക്ക് വലിയ ബാധ്യതയാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 മുതല്‍ സ്റ്റുഡന്റ് ലോണുകള്‍ എടുത്ത ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പരമാവധി പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 12 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്ന് ഇക്കണോമിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.
ഇത് പ്രകാരം 50,000 പൗണ്ടിന് അടുത്ത് ശരാശരി ലോണ്‍ ബാലന്‍സുള്ള ഉയര്‍ന്ന വരുമാനമുള്ള ഗ്രാജുവേറ്റിന് ആറ് മാസം കൊണ്ട് 3000 പൗണ്ടിന് അടുത്ത് പലിശ മാത്രമായി വേണ്ടിവരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) പറഞ്ഞു. സ്റ്റുഡന്റ് ലോണ്‍ പലിശ നിരക്കുകള്‍ മാര്‍ക്കറ്റ് നിരക്കുകളേക്കാള്‍ കൂടരുതെന്നാണ് നയം.
എന്നാല്‍ മാര്‍ക്കറ്റ് നിരക്ക് പരിശോധിക്കുന്നതും, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടി കൈക്കൊള്ളുന്നതും തമ്മിലുള്ള കാലതാമസം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുകയാണ്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ക്യാപ്പില്ലാത്ത നിരക്കിലാണ് തിരിച്ചടവ് നടത്തേണ്ടി വരുക. അടുത്ത വര്‍ഷം ഫെബ്രുവരിക്ക് ശേഷം മാതമേ പലിശ നിരക്കുകള്‍ താഴൂ.
കോവിഡിന് ശേഷം വലിയ തോതില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്ന സമയമാണിത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പം പലിശ നിരക്ക് കൂട്ടുന്നത് വലിയ തിരിച്ചടിയായിരുന്നു.