യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി . ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ താമസിക്കുന്ന മലയാളി നഴ്സാണ് മരണമടഞ്ഞത്. ചെങ്ങന്നൂര്‍ മുളക്കുഴ കോട്ട ശ്രീശൈലം വീട്ടില്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വേണുഗോപാലിന്റെ ഭാര്യ സതി വേണുഗോപാലാ(63)ണ് വിടവാങ്ങിയത്.
യുകെയില്‍ കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ഹള്‍ കാസില്‍ ഹില്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ചികിത്സയിലായിരുന്നു. മകന് വിപിന്‍ കുമാറിനും ഭാര്യ പാര്‍വതി വിപിനും കൊച്ചുമകന് അവതീഷിനുമൊപ്പം ഗെയിന്‍സ്ബറോയില്‍ ആണ് താമസിച്ചിരുന്നത്. പരേതനായ വിശാല്‍ മറ്റൊരു മകനാണ്.
ആറു മാസം മുന്‍പ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞ സതി ചികിത്സകളോട് മികച്ച രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ജോലിയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം കലശലാകുന്നതും മരണം സംഭവിക്കുന്നതും. ഭര്‍ത്താവ് വേണുഗോപാല്‍ നാട്ടിലും യുകെയിലുമായാണ് താമസം. ഇപ്പോള്‍ അദ്ദേഹം നാട്ടിലാണ്. ഭാര്യയുടെ രോഗനില വഷളായതറിഞ്ഞു യുകെയിലേക്കു യാത്ര തിരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണ വാര്‍ത്ത അദ്ദേഹത്തെ തേടി എത്തുന്നത്. മകന് വിപിന്‍ ജോലിക്കൊപ്പം നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയില്‍ നഴ്സിങ് വിദ്യാര്‍ഥിയുമാണ്.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി ഗെയിന്‍സ്ബറോ മലയാളി സമൂഹം ഒപ്പമുണ്ട്.