ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഗാര്ഡന് പാര്‍ട്ടിയ്ക്ക് നേതൃത്വം കൊടുക്കാന്‍ രാജ്ഞിയുടെ വലംകൈയായി കേംബ്രിഡ്ജ് ഡച്ചസ് കെയ്റ്റ് മിഡില്ടണ്. കെയ്റ്റിന് പുറമെ എഡ്വാര്‍ഡ് രാജകുമാരനും, കൗണ്ടസ് ഓഫ് വെസെക്സും ചടങ്ങിന്റെ മുന്‍നിരയില്‍ അണിനിരന്നു.
ഓരോ സമ്മറിലും നാല് ഗാര്ഡന് പാര്‍ട്ടികള്‍ നയിക്കാറുള്ള 96-കാരിയായ രാജ്ഞി നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം ചടങ്ങില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതോടെയാണ് രാജ്ഞിയ്ക്ക് പകരം മൂവര്‍ സംഘം രംഗത്തിറങ്ങിയത്. പൊതുസേവനത്തില്‍ തങ്ങളുടേതായ വ്യത്യാസം കൊണ്ടുവന്ന വ്യക്തികളെ ആദരിക്കാനാണ് രാജ്ഞി വര്‍ഷാവര്‍ഷം ഗാര്ഡന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്.
ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്ന് സംസാരിക്കാനായി ഒരു മണിക്കൂറോളം രാജകീയ ആതിഥേയര്‍ നടക്കേണ്ടതായി വരും. എന്നാല്‍ നിലവില്‍ രാജ്ഞിക്ക് ഇത് ബുദ്ധിമുട്ടാണ്. അടുത്ത മാസം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന രാജ്ഞി ഇപ്പോള്‍ ചാള്‍സ് രാജകുമാരനെയും, കോണ്‍വാള്‍ ഡച്ചസിനെയും, വില്ല്യം രാജകുമാരനെയും പോലുള്ളവരെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചു വരുന്നുണ്ട്.
കഴിഞ്ഞ ദിവസം എഡ്വാര്‍ഡ് രാജകുമാരനൊപ്പം എത്തിയാണ് രാജ്ഞി പാഡിംഗ്ടണ് സ്റ്റേഷനിലെ എലിസബത്ത് ലെയിന്‍ ഉദ്ഘാടനം നടത്തിയത്. പാര്‍ലമെന്റിലെ സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും പിന്‍വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഇത്.