ലണ്ടന്‍: നേതൃത്വ പ്രതിസന്ധി തുടരുകയും നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുകായും ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലണ്ടനില്‍ എത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ബി.ജെ.പി. പ്രചാരണം ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസ് നേതാക്കളെ വലയിട്ടുപിടിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇരുവരും വ്യാഴാഴ്ച ലണ്ടനിലെത്തിയത്. മൂന്നുദിവസത്തെ പരിപാടിയാണ് ലണ്ടനില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
'ഇന്ത്യ എഴുപത്തഞ്ചില്‍' എന്ന വിഷയത്തില്‍ കോര്‍പ്പസ് ക്രിസ്റ്റി കോളേജിലെ ഡോ. ശ്രുതി കപിലയുമായി രാഹുല്‍ സംവദിക്കും. വിദ്യാര്‍ഥികളടങ്ങുന്ന സദസുമായും ആധുനിക ഇന്ത്യയുടെ ആശയങ്ങള്‍ രാഹുല്‍ പങ്കുവെക്കും. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ മുന്നൂറോളം അതിഥികള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ആദ്യമായാണ് രാഹുല്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രിയങ്കാഗാന്ധി സല്മാന് ഖുര്‍ഷിദിനൊപ്പം നേരത്തേത്തന്നെ ലണ്ടനില്‍ എത്തിയിട്ടുണ്ട്.
രാഹുല്‍ വീണ്ടും പ്രസിഡന്റ് ആകണമെന്നും അല്ലാത്തപക്ഷം പ്രിയങ്കയാവണമെന്നും പാര്‍ട്ടിയില്‍ മുറവിളി ശക്തമാണ്. അതിനു പുറമെ പുതിയ പ്രസിഡന്റ് നെഹ്റു കുടുംബത്തിന് പുറത്തുള്ള ആളാവണമെന്ന് തിരുത്തല്‍വാദികളും ആവശ്യപ്പെടുന്നു.