യു.കെ.വാര്‍ത്തകള്‍

വീണ്ടും പോളിയോ ഭീതി: ലണ്ടനില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ലോകത്തിനു ആശങ്കയായി വീണ്ടും പോളിയോ ഭീതി. രാജ്യങ്ങള്‍ പോളിയോ മുക്തമായി പ്രഖ്യാപനം നടത്തി വര്‍ഷങ്ങള്‍ക്കു ശേഷമാണ് വൈറസ് സാമ്പിളുകള്‍ ലഭിച്ചത്. ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.

2003-ലാണ് ഗ്രേറ്റ് ബ്രിട്ടന്‍ പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. 1984-ല്‍ അവസാനത്തെ കേസ് കണ്ടെത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ നടന്ന് രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ പോളിയോ വൈറസ് തിരിച്ചുവരവ് നടത്തിയിരിക്കുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

40 വര്‍ഷത്തിന് ശേഷം ആദ്യമായി യുകെയില്‍ രോഗത്തിന്റെ തിരിച്ചുവരവ് തിരിച്ചറിഞ്ഞതോടെ വൈറസിന് എതിരെ വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള പരിശ്രമം എന്‍എച്ച്എസ് തുടങ്ങിക്കഴിഞ്ഞു. ഈയാഴ്ച ലണ്ടനിലെ മാലിന്യജല സൈറ്റിലാണ് വൈറസിന്റെ സാമ്പിളുകള്‍ വിദഗ്ധര്‍ തുടര്‍ച്ചയായി കണ്ടെത്തിയത്.

ഇതിന് പിന്നാലെ പതിവ് വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് ആളുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രധാന നീക്കത്തിന് തുടക്കം കുറിച്ചു. രോഗവുമായി നേരിട്ട് അനുഭവപരിചയമില്ലാത്തവരാണ് ഇപ്പോഴത്തെ ഭൂരിപക്ഷം ഡോക്ടര്‍മാരും. ഈ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുകയും, ജാഗ്രത പാലിക്കാനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പോളിയോ കേസുകള്‍ കടുപ്പമായാല്‍ ശരീരം തളരാനും, ചിലപ്പോള്‍ മരണപ്പെടാനും ഇടയുണ്ട്. ഭൂരിപക്ഷം രോഗികളും ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും 20ല്‍ ഒരു രോഗിക്ക് പനി, മസില്‍ തളര്‍ച്ച, തലവേദന, ശര്‍ദ്ദില്‍, മനംപുരട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. വാക്‌സിനെടുക്കാത്ത മുതിര്‍ന്നവരും, കുട്ടികളുടെ രക്ഷിതാക്കളും ഉടന്‍ ജിപിമാരെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍ക്ക് എട്ട് ആഴ്ച മുതല്‍ 14 വയസ് വരെ അഞ്ച് ഡോസാണ് നല്‍കുന്നത്.

125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു.

പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

 • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
 • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
 • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
 • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
 • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
 • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
 • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
 • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
 • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
 • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions