വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന കെ ആര്‍ അവിഷിത്ത് തന്റെ സ്റ്റാഫല്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം പൊളിയുന്നു. അവിഷിത്തിനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് കത്ത് നല്‍കിയത്.
അവിഷിത്ത് ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ല. അതിനാല്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. ഈ മാസം 14 മുതല്‍ അവിഷിത്ത് ഓഫീസില്‍ എത്തുന്നില്ലെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
അവിഷിത്തിനെ വീണ ജോര്‍ജിന്റെ ഓഫീസില്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് നേരത്തെ പുറത്തു വന്നിരുന്നു. ഓഫീസ് അറ്റന്‍ഡറായാണ് നിയമനം നല്‍കിയിട്ടുള്ളത്. അതേസമയം അവിഷിത്ത് കെ ആര്‍ ഇപ്പോള്‍ സ്റ്റാഫല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു മാസം മുമ്പേ ഇയാള്‍ തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. ഒരു അക്രമസംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നൊക്കെ പറയുന്നത് പൂര്‍ണമായും തെറ്റാണെന്നുമാണ് മന്ത്രി പറഞ്ഞത്.
സംഭവത്തില്‍ അവിഷിത്തിന്റെ പങ്ക് അന്വേഷിക്കുമെന്നും ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും അക്രമിസംഘത്തിലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതൃത്വം പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തു. കേസില്‍ അറസ്റ്റിലായ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ആറ് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. 19 പേരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.