മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനായി42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. കാലിത്തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇതേ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റില്‍ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതില്‍ പുതുക്കി പണിയാനും അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആര്‍ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനുമായി വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകള്‍ വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കും.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്നാണ് കാരണം പറയുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്.
ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി. 2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. ഇത് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്.