കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും.
നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക.
അതിനിടെ, താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകള്‍ക്ക് അക്രമം നടത്തുന്നവരെ സംഘടനകള്‍ സംരക്ഷിക്കരുതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു. വിജയ് ബാബുവിനെ ഇപ്പോള്‍ പുറത്താക്കാനാവില്ല എന്നാണ് സംഘടന പറഞ്ഞത്.