തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം നടക്കുന്നതിനിടെ സഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. അപൂര്‍വമായി മാത്രമാണ് സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്.
നിലവില്‍ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുമതിയുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
സഭാ ടി.വി വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇന്ന് സഭാ ടി.വിയില്‍ നല്‍കിയിട്ടില്ല.
പി.ആര്‍.ഡി വഴി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഭരണപക്ഷത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പി.ആര്‍.ഡി വഴി നല്‍കുന്നത്.
കോവിഡ് സമയത്ത് മാധ്യമങ്ങള്‍ക്ക് സഭയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനാണ് സ്പീക്കറുടെ തീരുമാനം.
പ്രതിപക്ഷ പ്രതിഷേധം കാരണം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നീ നടപടികള്‍ റദ്ദാക്കിയതിന് ഒപ്പം ടി സിദ്ദീഖ് എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയവും പരിഗണിച്ചില്ല.
സഭ സമ്മേളിച്ച് ചോദ്യോത്തര വേള ആരംഭിച്ചത് മുതല്‍ തന്നെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ സഭാ നടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുന്നതായി പറഞ്ഞത്.
ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, എല്‍ദോസ് കുന്നപ്പള്ളി, നജീബ് കാന്തപുരം എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ കറുത്ത വസ്ത്രമണിഞ്ഞാണ് നിയമസഭയിലെത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായെത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.