ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസുകാരി മകളും കൂട്ടബലാത്സംഗത്തിനിരയായി. ഹരിദ്വാറിന് അടുത്ത് റൂര്‍ക്കിയിലാണ് സംഭവം. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്ന അമ്മയും കുഞ്ഞിനെയും ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയാണ് ബലാത്സംഗത്തിനിരയാക്കിയത്.
തുടര്‍ന്ന് പ്രതികള്‍ അമ്മയെയും മകളെയും ആളൊഴിഞ്ഞ കനാലിന് സമീപം ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്.
ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ ഉപദ്രവിച്ചു എന്ന് പറയാന്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സോനു എന്നയാളാണ് വാഹനം ഓടിച്ചത് എന്ന് സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.