യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് പിന്നീട് എത്തിച്ചുവെന്ന എം ശിവശങ്കറിന്റെ മൊഴി പുറത്ത്. കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്നും ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
അതിഥികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗാണ് മറന്നുവെച്ചത്. ഇത് പിന്നീട് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് എത്തിച്ചതെന്നുമായിരുന്നു മൊഴി. അതേസമയം യുഎഇ സന്ദര്‍ശനത്തിനിടെ ബാഗൊന്നും മറന്നുവെച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നു ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് ശേഷമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് വിഷയം ഇന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചു . ഇതുസംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ നേരം സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം നല്‍കിയത്.