നാട്ടുവാര്‍ത്തകള്‍

കേരളമടക്കം 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം: കേരളമടക്കം 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ റെയ്ഡ് നടന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

തിരുവനന്തപുരത്തെ പോപുലര്‍ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാര്‍ സ്ഥലത്തെത്തി. കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരില്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍. പെരുമ്പിലാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനുശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്‌ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

സിആര്‍.പി.എഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സി.ആര്‍.പി.എഫ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. രാജ്യത്തുടനീളം എന്‍ഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റെയ്ഡില്‍ ഏറ്റവും അധികം അറസ്റ്റ് നടന്നത് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 22 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ എല്ലാം സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്.

2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡല്‍ഹിയിലാണ്. ലഖ്‌നൗവിലെ പ്രത്യേക കോടതിയില്‍ പിഎഫ്‌ഐയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, പിഎഫ്‌ഐക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്‌ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, ഹത്രാസില്‍ വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പിഎഫ്‌ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജന്‍സികള്‍ സ്വീകരിച്ചിരുന്നു.

 • അധ്യക്ഷ പദത്തിനായി ഖാര്‍ഗെ -തരൂര്‍ പോരാട്ടം
 • ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
 • കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
 • ഡോളര്‍ കടത്ത്: എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്‌നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
 • ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവച്ചാല്‍ മാത്രം ജാമ്യം : ഹൈക്കോടതി
 • ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
 • പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്- അതിജീവിത സുപ്രീംകോടതിയില്‍
 • ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് 80 ലക്ഷം കൊടുത്ത് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി
 • തീരുമാനം അംഗീകരിക്കുന്നു; സംഘടന പിരിച്ചുവിട്ടതായി അറിയിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
 • നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സുരേന്ദ്രന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions