കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
കോഴിക്കോട്: ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രചാരണത്തിനെത്തിയ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമ സമയത്തെ ദൃശ്യങ്ങള്‍ക്കു പുറമേ, പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമേ സംഘാടകരോ മാള്‍ അധികൃതരോ ശേഖരിച്ച മുഴുവന്‍ ദൃശ്യങ്ങളും കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ നിന്നു പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് ഇത്.
'സാറ്റര്‍ഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയില്‍ വരാന്തയില്‍ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചെന്നും, എവിടെ എന്ന് പറയാന്‍ അറപ്പു തോന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നു.