ആമസോണ്‍ വനാന്തരത്തില്‍ വിമാനം തകര്‍ന്ന് വീണ് കാണാതായ ഗോത്രവര്‍ഗക്കാരായ സഹോരങ്ങളായ കുട്ടികളുടെ ജീവന്‍ നിലനിര്‍ത്തിയത് കപ്പ പൊടി. ഘോരവനത്തിലൂടെ 40 ദിവസം നീണ്ട അലച്ചിലില്‍ മൂന്ന് കിലോയോളം കപ്പ പൊടിയാണ് നാല് കുട്ടികളും കൂടി കഴിച്ചത് എന്നാണ് കൊളംബിയന്‍ സേനാ വൃത്തങ്ങള്‍ പറയുന്നത്.
മെയ് 1ന് ഉണ്ടായ വിമാനപകടത്തില്‍ അമ്മയും കുടുംബ സുഹൃത്തും പൈലറ്റും മരിച്ചിരുന്നു. ഇതോടെയാണ് മൂന്ന് സഹോദരങ്ങളുമായി 13 വയസുകാരിയായ മുതിര്‍ന്ന സഹോദരി ലെസ്‌ലി ഇറങ്ങി നടന്നത്. ലെസ്ലിയും സഹോദരങ്ങളായ സൊളേമിയും (9), ടിന്‍ നോറിയേലും (5), ഒരു വയസുകാരന്‍ ക്രിസ്റ്റിനും ഇപ്പോള്‍ ബൊഗോത്തയിലെ സെന്‍ട്രല്‍ മിലിട്ടറി ഹോസ്പിറ്റലിലാണ്.
ലെസ്‌ലി ദുരന്തത്തിന്റെ മാനസികാഘാതത്തെ മറികടന്നില്ലെങ്കിലും ടിയാനും ക്രിസ്റ്റിനും കളിചിരി തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. ''കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പോഷകാഹാരക്കുറവുണ്ട്. പിന്നെ കാട്ടില്‍നിന്നേറ്റ ചെറിയ മുറിവുകള്‍, ചര്‍മ ക്ഷതങ്ങള്‍, ജീവികളുടെ കടിയേറ്റതിന്റെ പ്രശ്‌നങ്ങള്‍ എന്നിവ അവര്‍ക്കുണ്ട്.''- സൈനിക ഡോക്ടര്‍ കാര്‍ലോസ് റിന്‍കോണ്‍ അറിയിച്ചു. ''കാര്യങ്ങള്‍ ശരിയായി നടന്നാല്‍, അവര്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവര്‍ക്ക് ആശുപത്രി വിടാം''- അദ്ദേഹം പറഞ്ഞു.
തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഇടയില്‍ വിമാനത്തിലുണ്ടായിരുന്ന കപ്പ പൊടി ഇവര്‍ ഒപ്പം കരുതിയിരുന്നു. പോഷകാഹാരത്തിന്റെ കുറവുള്ള അവസ്ഥയിലാണ് കുട്ടികളെ കണ്ടെത്തിയതെങ്കിസും ബോധം നഷ്ടമാകുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല.
കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അറിവുള്ളതും കുട്ടികളെ അതിജീവനത്തിന് വലിയ രീതിയില്‍ സഹായിച്ചു. കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ സാധിച്ചതും നിര്‍ജ്ജലീകരണം അപകടകരമായ രീതിയിലേക്ക് പോകാതെ കുട്ടികളെ രക്ഷിച്ചു.
കുട്ടികള്‍ ഹുയിറ്റോട്ടോ (വിറ്റോട്ടോ) വിഭാഗത്തിലെ അംഗങ്ങളായിരുന്നു. അവരെ കാടിനോട് ചേര്‍ത്തുനിര്‍ത്തിയത് മുത്തച്ഛന്‍ ഫിഡെന്‍സിയോ വലന്‍സിയയും. ചെറുപ്പം മുതലേ കാട്ടില്‍പ്പോയി വേട്ടയാടാനും മീന്‍പിടിക്കാനും അവരെ അദ്ദേഹം പഠിപ്പിച്ചു. ''അതിജീവനം'' പ്രമേയമാക്കിയുള്ള കമ്പ്യൂട്ടര്‍ ഗെയിമായിരുന്നു ലെസ്‌ലിക്കും സൊലൈനിക്കും ഏറെ ഇഷ്ടം. ''ഗെയിമിനുള്ളില്‍ അവള്‍ ചെറിയ ക്യാമ്പുകള്‍ സജ്ജീകരിക്കുമായിരുന്നു. ആ രീതി തന്നെ അവള്‍ കാട്ടിലും പിന്തുടര്‍ന്നു'' - ഡമറിസ് മുക്കുറ്റുയി പറഞ്ഞു.
ഹെയര്‍ റിബണുകള്‍ ഉപയോഗിച്ച് ക്യാമ്പുകള്‍ അവള്‍ സുരക്ഷിതമാക്കി. കാട്ടില്‍ ധാരാളം വിഷമുള്ള പഴങ്ങള്‍ ഉണ്ടെന്നു മുത്തച്ഛന്‍ പഠിപ്പിച്ചിരുന്നു. സുരക്ഷിതമായ പഴങ്ങളെക്കുറിച്ചും അവള്‍ക്കറിയാമായിരുന്നു. കപ്പയും മാമ്പഴമായിരുന്നു പ്രധാന ഭക്ഷണം. കുട്ടികളെ പരിപാലിക്കാന്‍ പഠിപ്പിച്ചത് മുത്തശ്ശി ഫാത്തിമ വലന്‍സിയയാണ്. അമ്മ ജോലിക്ക് പോകുമ്പോള്‍ ആങ്ങളമാരെ നോക്കിയിരുന്നത് ലെസ്‌ലിയാണ്. ക്രിസ്റ്റിന്‍ കൂടുതല്‍ സമയവും ലെസ്‌ലിക്കൊമായിരുന്നു. ''ഞാന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, ഞാന്‍ എല്ലായ്‌പ്പോഴും തിരച്ചിലിനെ പിന്തുണച്ചിരുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്''- ഫാത്തിമ പറഞ്ഞു.
സഹോദരങ്ങളെ ജീവനോടെ കണ്ടെത്തിയ ശേഷം സൈനിക റേഡിയോകള്‍ ആവര്‍ത്തിച്ച വാക്കുകളാണ് ''അത്ഭുതം, അത്ഭുതം, അത്ഭുതം, അത്ഭുതം''. ദൗത്യത്തിന്റെ സൈനിക കോഡ് അത്ഭുതം എന്നായിരുന്നു. നാലു കുട്ടികളെയും ജീവനോടെ ലഭിച്ചതിനാലാണ് ആ വാക്ക് ആവര്‍ത്തിക്കപ്പെട്ടത്. കാട്ടില്‍വച്ചുതന്നെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍നിന്നുള്ള ഡോക്ടര്‍മാര്‍ കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചിരുന്നു.
തുടര്‍ന്നു ഹെലികോപ്റ്ററിലാണു കുട്ടികളെ കൊളംബിയന്‍ തലസ്ഥാനമായ ബോഗറ്റയിലേക്കു കൊണ്ടുപോയത്. പിന്നീട് ഹെലികോപ്റ്ററില്‍ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലെ സൈനിക താവളത്തിലേക്ക് മാറ്റി.
ലെസ്‌ലിയുടെയും ആങ്ങളമാരുടെയും കഥ ചരിത്രമാണെന്നു കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. മകള്‍ സോഫിയയ്‌ക്കൊപ്പമാണ് അദ്ദേഹം കുട്ടികളെ സന്ദര്‍ശിക്കാനെത്തിയത്.
മേയ് 1 ന് അരരാകുവാരയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവിയര്‍ പട്ടണത്തിലേക്കുള്ള സെസ്‌ന 206 വിമാനത്തിലാണു ലെസ്‌ലി അമ്മ മഗ്ദലിനയ്ക്കും സഹോദരന്മാര്‍ക്കുമൊപ്പം യാത്ര പുറപ്പെട്ടത്. ആമസോണ്‍ കാടിനെ മറികടക്കാന്‍ ചെറുവിമാനങ്ങളും ബോട്ടുകളും മാത്രമാണു ജനങ്ങള്‍ക്ക് ആശ്രയം.
350 കിലോമീറ്റര്‍ യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണു ചെറുവിമാനം റഡാറുകളില്‍നിന്ന് അപ്രത്യക്ഷമായത്. മേയ് 15 നും 16 നും ഇടയില്‍ മൂന്ന് മുതിര്‍ന്നവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും സൈനികര്‍ കണ്ടെത്തിയിരുന്നു.