എന്‍എച്ച്എസിലെ കാന്‍സര്‍ സേവനങ്ങള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന സമയമാണിത്. കോവിഡ് മഹാമാരിക്ക് ശേഷം സേവനങ്ങള്‍ ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സ്ഥിതി കൂടുതല്‍ വഷളാക്കി കൊണ്ട് എന്‍എച്ച്എസ് ജീവനക്കാരുടെ സമരങ്ങളും അരങ്ങേറുകയാണ്. ഇതിനിടയില്‍ കാന്‍സര്‍ കണ്ടെത്താനും, ചികിത്സ ആരംഭിക്കാനും വേണ്ടിവരുന്ന സമയനഷ്ടം നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ ഘട്ടത്തിലാണ് വീട്ടില്‍ ഇരുന്ന് കാന്‍സര്‍ പരിശോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ഹോം ബ്ലഡ് ടെസ്റ്റ് കിറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത്. 50-ലേറെ കാന്‍സറുകള്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കിറ്റ് സഹായിക്കുമെന്നാണ് കരുതുന്നത്. രണ്ട് വര്‍ഷത്തെ ട്രയല്‍സ് അടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കാന്‍ സാധ്യത തെളിയുകയാണ്.
വര്‍ഷത്തില്‍ 5000 കാന്‍സര്‍ കേസുകള്‍ ഈ പരിശോധന വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ മുതല്‍ മൊബൈല്‍ യൂണിറ്റുകളില്‍ രോഗലക്ഷണങ്ങളില്ലാത്ത ഒരു മില്ല്യണ്‍ ജനങ്ങളെയാണ് ഇംഗ്ലണ്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ട്രയല്‍സ് വിജയകരമായാല്‍ ഭാവിയില്‍ ടെസ്റ്റ് വീടുകളില്‍ ലഭ്യമാക്കും.
എന്‍എച്ച്എസ് ട്രയല്‍സില്‍ 5461 ആശുപത്രി രോഗികളില്‍ മൂന്നില്‍ രണ്ട് പേരിലും ക്യാന്‍സര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു. കാന്‍സര്‍ ഇല്ലാത്ത ആളുകള്‍ക്ക് കൃത്യമായ നെഗറ്റീവ് ടെസ്റ്റ് നല്‍കാനും പരിശോധനയ്ക്ക് കഴിയുന്നുണ്ട്. ഏകദേശം 3 മില്ല്യണ്‍ ജനങ്ങളാണ് ഈ മാരകമായ രോഗവുമായി പോരാടുന്നന്നത്.