ആരോഗ്യം

ഷിന്‍ഗിള്‍സ് വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നു; പ്രതിരോധ ശേഷി കുറഞ്ഞ 50ല്‍ കൂടുതലുള്ളവര്‍ക്കും വാക്‌സിന്‍

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഷിന്‍ഗിള്‍സ് വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നു; പ്രതിരോധ ശേഷി കുറഞ്ഞ 50 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും സെപ്റ്റംബര്‍ മുതല്‍ വാക്‌സിന്‍; ഒമ്പത് ലക്ഷത്തോളം വരുന്നവര്‍ക്ക് ഗുണം ലഭിക്കും ഷിന്‍ഗിള്‍സിനുള്ള വാക്‌സിന്‍ ഇംഗ്ലണ്ടിലെ ഏതാണ്ട് ഒരു മില്യണോളം വരുന്നവര്‍ക്ക് കൂടി വരും മാസങ്ങളില്‍ നല്‍കാന്‍ എന്‍എച്ച്എസ്. ഷിന്‍ഗ്രിക്‌സ് ജാബ് എന്നറിയപ്പെടുന്ന ഈ ജാബ് നിലവില്‍ 70 വയസ്സിന് മേല്‍ ഉള്ളവര്‍ക്കാണ് നല്‍കി വരുന്നത്. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവരും 50 വയസിന് മുകളിലുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാക്കാനാണ് പുതിയ തീരുമാനം.


65 വയസും 70 വയസും തികഞ്ഞവര്‍ക്ക് അവരുടെ ആ പിറന്നാളുകള്‍ക്ക് ശേഷം ഈ വാക്‌സിന്‍ ലഭ്യമാക്കുന്നതായിരിക്കും. എന്‍എച്ച്എസിന്റെ പുതിയ നീക്കത്തിലൂടെ അധികമായി ഒമ്പത് ലക്ഷം പേര്‍ക്ക് കൂടിയാണ് ഈ വാക്‌സിന്‍ ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നത്. 2028 സെപ്റ്റംബര്‍ ഓടെ ഈ വാക്‌സിന്‍ 60 വയസ്സിനും അതിന് മുകളിലും ഉള്ളവര്‍ക്ക് കൂടി ലഭ്യമാക്കുന്നതായിരിക്കും. ഏത് വയസ്സിലും ഷിന്‍ഗിള്‍സ് പിടിപെടാമെങ്കിലും ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് പ്രതിരോധ ശേഷി കുറഞ്ഞവരിലാണ്. ഇത് പകര്‍ച്ചവ്യാധിയല്ലെങ്കിലും നേരത്തെ ചിക്കന്‍പോക്‌സ് പിടിപെട്ടവരില്‍ ഇത് വേഗത്തില്‍ സംക്രമിക്കുന്നതായിരിക്കും.


കുട്ടിക്കാലത്ത് ചിക്കന്‍ പോക്‌സ് പിടിപെട്ട പത്തില്‍ ഒമ്പത് മുതിര്‍ന്നവര്‍ക്കും ഷിന്‍ഗിള്‍സ് പിടിപെടുന്നതിനുള്ള സാധ്യതയേറെയാണെന്നാണ് എന്‍എച്ച്എസ് പറയുന്നത്.ചില കേസുകളില്‍ ഷിന്‍ഗിള്‍സ് അന്ധതയ്ക്കും കേള്‍വി നഷ്ടമാകുന്നതിനും നാഡീ വേദനക്കും ചിലപ്പോള്‍ മരണത്തിനും വരെ കാരണമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. വിജയകരമായ കോവിഡ്, ഫ്‌ലൂ വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ക്ക് ശേഷം ഷിന്‍ഗിള്‍സ് പോലുള്ള തടയാവുന്ന മറ്റ് രോഗങ്ങളെ തുടച്ച് നീക്കുന്നതിനുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നാഷണല്‍ ഡയറക്ടര്‍ ഓഫ് വാക്‌സിനേഷന്‍സ് ആന്‍ഡ് സ്‌ക്രീനിംഗ് ആയ സ്റ്റീവ് റസ്സല്‍ പറയുന്നത്.


ജനങ്ങളില്‍ 25 ശതമാനം പേര്‍ക്കെങ്കിലും ജീവിതത്തില്‍ ഷിന്‍ഗിള്‍സ് പിടിപെടുന്നതിനുള്ള സാധ്യതയുണ്ടെന്നും ഈ രോഗത്തിന് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കാന്‍ സാധിക്കില്ലെന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇത് സങ്കീര്‍ണതകളുണ്ടാക്കുമെന്നും ഇതിനാലാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതെന്നും റസ്സല്‍ വിശദീകരിക്കുന്നു. ഷിന്‍ഗ്രിക്‌സ് ഒരു നോണ്‍-ലൈവ് വാക്‌സിനാണ്. 2021 സെപ്റ്റംബറില്‍ സോസ്റ്റാവാക്‌സിന് പകരമായാണിത് ഉപയോഗിച്ച് തുടങ്ങിയത്. അതിനാല്‍ സോസ്റ്റാവാക്‌സിന്‍ നേരത്തെ സ്വീകരിച്ചവര്‍ ഷിന്‍ഗ്രിക്‌സ് സ്വീകരിക്കേണ്ടതില്ലെന്നാണ് എന്‍എച്ച്എസ് പറയുന്നത്.

 • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
 • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
 • ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
 • സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
 • 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം!
 • വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും കരളിന് ഹാനികരം
 • 50-ലേറെ കാന്‍സറുകള്‍ തിരിച്ചറിയാവുന്ന പുതിയ ബ്ലഡ് ടെസ്റ്റ് കിറ്റ് വരുന്നു
 • കടുത്ത ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് അനുമതി
 • ഹെഡ്‌ഫോണ്‍ അമിത ഉപയോഗം; യുകെയില്‍ 50ല്‍ താഴെയുള്ളവര്‍ക്ക് കേള്‍വിശക്തി നഷ്ടമാകുന്നു
 • യുകെയില്‍ പ്രമേഹം രോഗ ബാധിതരുടെ എണ്ണം 5 മില്ല്യണ്‍! ജീവിതശൈലീ രോഗം; വംശീയ ന്യൂനപക്ഷങ്ങള്‍ മുമ്പില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions