യുകെയില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ വീട് വാങ്ങാനൊരുങ്ങുന്നവര്‍ വീട് വാങ്ങുന്നതിന് വേണ്ടുന്ന ഡെപ്പോസിറ്റില്‍ 11,500 പൗണ്ട് കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്നു മോര്‍ട്ട്‌ഗേജ് അഡൈ്വസ് ബ്യൂറോ നടത്തിയ പുതിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നു. വീടിനുള്ള നിക്ഷേപത്തിനുള്ള തുക കണ്ടെത്തുന്നത് യുകെയില്‍ കൂടുതല്‍ വെല്ലുവിളി ആവുകയാണ്.
എന്നാല്‍ നിലവില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിക്കുക പോലുള്ള മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിലെ പുതിയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഡെപ്പോസിറ്റില്‍ ഇത്തരത്തില്‍ വര്‍ധനവുണ്ടാകാന്‍ പോകുന്നതെന്നും പുതിയ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. ഇനി മുന്നോട്ടു വീട് വാങ്ങണമെങ്കില്‍ 36,118 പൗണ്ട് കരുതേണ്ടി വരുമെന്നാണ് വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അഞ്ചില്‍ മൂന്ന് പേര്‍ അല്ലെങ്കില്‍ 62 ശതമാനം പേര്‍ ഇതിലും കൂടുതല്‍ നിക്ഷേപം വീടിനായി നടത്തേണ്ടി വരുമെന്ന് കരുതുന്നവരാണ്.
നിലവിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് ഡെപ്പോസിറ്റിലേക്കായി 11,500 പൗണ്ട് കൂടി കണ്ടെത്തേണ്ടി വരുമെന്നാണിവര്‍ കരുതുന്നത്. ഇത്തരത്തില്‍ ഡെപ്പോസിറ്റില്‍ വര്‍ധിക്കാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ വീട് വാങ്ങാനുള്ള തങ്ങളുടെ പദ്ധതി തല്‍ക്കാലം മരവിപ്പിച്ചുവെന്നാണ് 15 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വീട് വാങ്ങാനൊരുങ്ങുന്ന ഏതാണ്ട് മൂന്നിലൊന്ന് പേര്‍ക്കും അല്ലെങ്കില്‍ 32 ശതമാനം പേര്‍ക്കും ഇതിനുള്ള ഏറ്റവും വലിയ തടസ്സമായി നിലകൊള്ളുന്നത് വീടിന് വേണ്ടുന്ന കടുത്ത ഡെപ്പോസിറ്റിന് വേണ്ടിയുള്ള പണം സമ്പാദിക്കലാണെന്നും പുതിയ റിസര്‍ച്ചിലൂടെ വ്യക്തമായിട്ടുണ്ട്.
ആളുകളുടെ വീട് വാങ്ങല്‍ പ്ലാനിനെയും ഡെപ്പോസിറ്റിന്റെയും സൈസുകളെയും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നാണീ റിസര്‍ച്ചിലൂടെ വെളിപ്പെട്ടിരിക്കുന്നത്. മോര്‍ട്ട്‌ഗേജിന് വേണ്ടി വരുന്ന ഉയര്‍ന്ന ചെലവ് കാരണമാണ് തങ്ങള്‍ കൂടുതല്‍ പണം വീട് വാങ്ങാനായി സമ്പാദിക്കേണ്ടി വരുന്നതെന്നാണ് 25 ശതമാനം പേര്‍ ഈ റിസര്‍ച്ചില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ ലോണ്‍ ടു വാല്യൂ നിരക്ക് തങ്ങള്‍ക്ക് ആവശ്യമായതിനാല്‍ കൂടുതല്‍ പണം വീടിനുള്ള ഡെപ്പോസിറ്റിനായി സമ്പാദിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് പത്തിലൊന്ന് പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് . ഇത് വിപണിയില്‍ കൂടുതല്‍ സമ്മര്‍ദത്തിന് വഴിയൊരുക്കും. മോര്‍ട്ട്ഗേജുകളും ലോണ്‍ പേയ്‌മെന്റുകളും ഉയരും. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതുവരെ പലിശനിരക്ക് ഉയര്‍ത്തുമെന്ന് ആണ് പറഞ്ഞിരിക്കുന്നത്. ജൂണില്‍ പണപ്പെരുപ്പം 7.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും നാലിരട്ടിയാണിത്.
പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവരെയാണ് ഏറെ ബാധിക്കുക. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ കുറച്ച് നാളുകള്‍ വേണമെന്നും 2025 ജൂണില്‍ സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. ഉയര്‍ന്ന പലിശ നിരക്കുകള്‍ ആളുകള്‍ ലോണുകള്‍ എടുക്കുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നു. ഇത് ആളുകളുടെ ജീവിത ചിലവുകള്‍ ചുരുക്കുമെന്നാണ് പ്രതീക്ഷ.