ആഗസ്റ്റ് 26 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് ലെയ്ക്കില്‍ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആരവമുയരുമ്പോള്‍, വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാന്‍ മലയാളികളുടെ പ്രിയ നടന്‍മാര്‍ ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദ് ജോസും എത്തുന്നു. നടനായും നിര്‍മ്മാതാവായും ഗായകനായും മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ജോജുവിനോടൊപ്പം നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങുന്ന ചെമ്പന്‍ വിനോദ് ജോസും കൂടിയെത്തുമ്പോള്‍ വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരുമെന്നുറപ്പ്.
1995 ല്‍ ഇറങ്ങിയ 'മഴവില്‍ക്കൂടാരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ച ജോജു ഇതിനോടകം നൂറ്റി ഇരുപതോളം ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. 2018 ല്‍ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തിലെ ജോസഫ് എന്ന നായക കഥാപാത്രം ജോജുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. അപ്പു പാത്തു പാപ്പു എന്ന സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ ജോസഫ്, ജോജുവിന്റെ അഭിനയതികവിന്റെ നേര്‍ക്കാഴ്ചയായി മാറി. അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെച്ച ജോസഫ് എന്ന കഥാപാത്രത്തിലൂടെ ജോജു, 2018 ലെ നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. നല്ല നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജോജു നിര്‍മ്മിച്ച 'ചോല' എന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 2015 ലെ 'ചാര്‍ലി' എന്ന വമ്പന്‍ ഹിറ്റിലൂടെ സിനിമ നിര്‍മ്മാണത്തിലേക്ക് കടന്ന ജോജു 2017 ല്‍ മഞ്ജുവാര്യരെ മുഖ്യ കഥാപാത്രമാക്കി 'ഉദാഹരണം സുജാത' എന്ന ഹിറ്റ് ചിത്രവും നിര്‍മ്മിച്ചു. ബോക്‌സോഫീസില്‍ ചരിത്ര വിജയം നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയ 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം 'പൊറിഞ്ചു മറിയം ജോസ്', 'ചോല', 'മധുരം', 'ഇരട്ട' എന്നീ ഹിറ്റ് ചിത്രങ്ങള്‍ കൂടി ജോജു നിര്‍മ്മിച്ചു. 2021 ല്‍ പുറത്തിറങ്ങിയ 'ജഗമേ തന്തിരം' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ജോജു ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 'ജോസഫ്' ലെ 'പാടവരമ്പത്തിലൂടെ' എന്ന ഗാനം പാടിക്കൊണ്ട് സിനിമ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച ജോജു ഇതിനോടകം മനോഹരങ്ങളായ നാല് ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. ജോജു നായകനായ ജോഷി ചിത്രം 'ആന്റണി', 'പുലിമട' എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമകള്‍. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ ഇരുപതിലധികം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ജോജു തൃശ്ശൂര്‍ ജില്ലയിലെ മാള സ്വദേശിയാണ്.
2010 ല്‍ പുറത്തിറങ്ങിയ 'നായകന്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്ന ചെമ്പന്‍ വിനോദ് ജോസെന്ന ചെമ്പന്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഇതിനോടകം അറുപത്തിയഞ്ചോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ചെമ്പന്‍ വിനോദ് 2018 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
2017 ല്‍ പുറത്തിറങ്ങിയ 'അങ്കമാലി ഡയറീസ്', 2021 ല്‍ പുറത്തിറങ്ങിയ 'ഭീമന്റെ വഴി' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ചെമ്പന്‍ വിനോദ് അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. 'ആമേന്‍', 'സപ്തമശ്രീ തസ്‌കര', 'ഇയ്യോബിന്റെ പുസ്തകം', 'കോഹിനൂര്‍', 'ഒപ്പം', 'പൊറിഞ്ചു മറിയം ജോസ്', 'ചുരുളി', 'രോമാഞ്ചം' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി ചെമ്പന്‍ വിനോദ് മാറിക്കഴിഞ്ഞു.
2018 ല്‍ പുറത്തിറങ്ങിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് കടന്ന ചെമ്പന്‍ വിനോദ്, 'തമാശ', 'ജല്ലിക്കെട്ട്', 'ചുരുളി', 'ഭീമന്റെ വഴി', 'സുലൈഖ മന്‍സില്‍' എന്നീ ചിത്രങ്ങള്‍ക്ക് നിര്‍മ്മാണ പങ്കാളിയായി. കുറച്ച് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന ചെമ്പന്‍ വിനോദ് എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയാണ്.
യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ പ്രധാന സ്‌പോണ്‍സേഴ്‌സ്
ലൈഫ് ലൈന്‍ ഫിനാന്‍സ്(അലൈഡ്),
മട്ടാഞ്ചേരി കാറ്ററിംഗ്, മുത്തൂറ്റ് ഫിനാന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, മലബാര്‍ ഗോള്‍ഡ്, എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, എസ് ബി ഐ യുകെ, ജി.കെ ടെലികോം, മലബാര്‍ ഫുഡ്‌സ്, പുറത്തിറങ്ങാനിരിക്കുന്ന 'ആന്റണി' സിനിമ എന്നിവരാണ്.
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വള്ളംകളിയുടെ ആവേശത്തോടൊപ്പം കേരളീയ കലകളുടെ മനോഹരങ്ങളായ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ കൂടി ചേരുമ്പോള്‍ അഞ്ചാമത് കേരളപൂരം വള്ളംകളി ഒരു അവിസ്മരണീയ ആഘോഷമായി മാറും.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 26 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:
Manvers Lake
Station Road
WathUponDearn a
Rotherham
South Yorkshire.
S63 7DG.