യുക്മ കലാമേള 2023ന് ആരവം ഉയര്‍ത്തിക്കൊണ്ട് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലി സലേഷ്യന്‍ കോളേജില്‍ കേളി കൊട്ടുണരാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണപങ്കാളിത്തത്തോടെ നടക്കുന്ന കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യന്‍ കലകളുടെയും അരങ്ങായി മാറാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കേ മത്സരാര്‍ത്ഥികള്‍ അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പിക്കാന്‍ സ്‌കൂള്‍ അവധിക്കാലത്ത് തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നത് ഇപ്രാവശ്യം മല്‍സരങ്ങളുടെ നിലവാരം വര്‍ധിപ്പിക്കും.
അംഗ അസ്സോസിയേഷനുകള്‍ മുഖാന്തിരം മാത്രമായിരിക്കും മല്‍സരാര്‍ത്ഥികള്‍ക്ക് ഇപ്രാവശ്യവും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലാമേളയുടെ പരിഷ്‌കരിച്ച നിയമാവലിയും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഫോമും ഉടന്‍ തന്നെ നാഷണല്‍ കലാമേള കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന് റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
കലാമേള വേദിയുടെ വിലാസം:
Thornleigh Salesian College,
Sharples Park, Bolton BL1 6PQ