സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ അലന്‍സിയര്‍ക്കെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം റൂറല്‍ എസ്. പി ഡി. ശില്‍പയ്ക്കാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക പരാതി കൊടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി.
ക്യാമറയ്ക്ക് മുന്നിലും, പിന്നിലും 'അപ്പന്‍' സിനിമയിലെ കഥാപാത്രമായാണ് അലന്‍സിയര്‍ ജീവിക്കുന്നതെന്നും, 'അപ്പന്‍' അലന്‍സിയറുടെ ബയോപ്പിക്ക് ആണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അലന്‍സിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ സിനിമാ രംഗത്തു നിന്നും കടുത്ത പ്രതികരണങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പെണ്‍ പ്രതിമ നല്കി പ്രലോഭിപ്പിക്കരുത് എന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയിരിക്കുമ്പോള്‍ ആണ്‍കരുത്തുള്ള പ്രതിമയാണ് നല്‍കേണ്ടതെന്നുമാണ് അലന്‍സിയര്‍ പുരസ്കാര വേദിയില്‍ പറഞ്ഞത്.
എന്നാല്‍ പ്രസ്താവന തിരുത്താനോ, ക്ഷമ പറയാനോ തയ്യാറാവാതെ പറഞ്ഞതിനെ ന്യായീകരിക്കുകയാണ് അലന്‍സിയര്‍ ചെയ്തതുകൊണ്ടിരിക്കുന്നത്, അതിന് പിന്നാലെയാണ് ഇപ്പോള്‍ അലന്‍സിയര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി.