കേരളത്തില്‍ നിപ്പ വൈറസ് ജീവന് ഭീഷണിയായി പടര്‍ന്ന് പിടിക്കുന്നതിനെ വളരെ ഗൗരവത്തോടെ കാണുന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. നിപ്പ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്ന 75 ശതമാനം ആളുകളുടെയും ജീവന് ഗുരുതരമായ ഭീഷണി ഉണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍ . ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം നിപ്പയെ മറ്റ് വൈറസുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇതിനകം തന്നെ കേരളത്തില്‍ രണ്ടു പേര്‍ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട് ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സമ്പര്‍ക്ക പട്ടിക കൃത്യമാക്കാന്‍ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് സ്ഥിതി. മസ്തിഷ്കത്തെ ഹാനികരമായി ബാധിക്കുന്ന വൈറസിനെ ഭയന്ന് കോഴിക്കോട് ജില്ലയില്‍ സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും 9 ഗ്രാമങ്ങളെ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പ്രധാനമായും പഴം കഴിക്കുന്ന വവ്വാലുകളിലൂടെയാണ് നിപ്പ വൈറസ് പടരുന്നത്.
യുകെയില്‍ ഇതുവരെ നിപ്പ വൈറസ് കണ്ടെത്തിയിട്ടില്ല. യുകെയിലേയ്ക്ക് വൈറസ് എത്തിപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് യുകെ ഹെല്‍ത്ത് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സിയുടെ വക്താവ് പറഞ്ഞു. കേരളത്തില്‍ നിപ്പ വൈറസ് പടരുന്നതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പാന്‍ഡമിക് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ മൈല്‍സ് കരോള്‍ അറിയിച്ചു.
കേരളത്തില്‍ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. നിപ്പയ്ക്കെതിരെ ഇപ്പോഴും ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ടായിരിക്കുന്നത്. 4 മുതല്‍ 14 ദിവസങ്ങളാണ് വൈറസിന്റെ ഇന്‍കുബേഷന്‍ പീരിയഡ് എന്നതാണ് വൈറസ് യുകെയില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന വാദത്തിനെ പിന്തുണയ്ക്കാന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ നിപ്പ വൈറസ് നിയന്ത്രണവിധേയമാകുമെന്നാണ് യാത്രക്കാരുടെയും പ്രതീക്ഷ.