യുകെയില്‍ വീട്ട് വാടകകള്‍ കുതിയ്ക്കുന്നു. വര്‍ധനവിന്റെ ചിത്രം വ്യക്തമാക്കുന്ന പുതിയ കണക്കുകളുമായി എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സ് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്തെ വാടകകളില്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്നാണ് ഹാംപ്ടണ്‍സ് വെളിപ്പെടുത്തുന്നത്. 2014ല്‍ തങ്ങള്‍ ഇത് സംബന്ധിച്ച സര്‍വേ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വാടക വര്‍ധനാ നിരക്കാണിതെന്നും ഹാംപ്ടണ്‍സ് ചൂണ്ടി കാട്ടുന്നു.
നിലവില്‍ പുതിയൊരു വാടക വീടിനുള്ള ടിപ്പിക്കല്‍ മാസ വാടക 1304 പൗണ്ടായിരിക്കുന്നുവെന്നും ഹാപ്ടണ്‍സ് വെളിപ്പെടുത്തുന്നു. 2019 വരെയുള്ള നാല് വര്‍ഷങ്ങള്‍ക്കിടെ വാടകയിലുണ്ടായ വര്‍ധനവിനേക്കാള്‍ കൂടുതലാണ് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയുള്ള വാടക വര്‍ധനവെന്നും പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹാംപ്ടണ്‍സ് സ്ഥിരീകരിക്കുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ലാന്‍ഡ്‌ലോര്‍ഡുമാരിലുണ്ടാക്കുന്ന സമ്മര്‍ദവും വാടക വീടുകള്‍ക്ക് ടെനന്റുമാരില്‍ നിന്ന് വര്‍ധിച്ച ഡിമാന്റും വാടക കൂട്ടാന്‍ വീട്ടുടമകളെ നിര്‍ബന്ധിതരാക്കി.
രാജ്യത്തെ മിക്ക ഏരിയകളിലും വാടകക്ക് കൊടുക്കാന്‍ ലഭ്യമായ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതും വാടക കൂടുന്നതിന് പ്രധാന കാരണമായി. ലഭ്യമായ വീടുകളുടെ എണ്ണവും ആവശ്യമായ വീടുകളുടെ എണ്ണവും തമ്മിലുള്ള വിടവ് വാടക ഇനിയും കുതിച്ച് കയറുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യമാകമാനം എസ്റ്റേറ്റ് -ലെറ്റിംഗ് ഏജന്റുമാര്‍ കൈകാര്യം ചെയ്യുന്ന 90,000 വീടുകളെ അടിസ്ഥാനമാക്കിയാണ് ഹാംപ്ടണ്‍സ് പുതിയ സര്‍വേ നടത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ ശരാശരി വാടക ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇതാദ്യമായി 1300 പൗണ്ട് കഴിഞ്ഞുവെന്നും വാടക 1200 പൗണ്ട് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണിത്തരത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നും ഹാംപ്ടണ്‍സ് വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഓരോ പാസിംഗ് മന്തിലും ഒരു പുതിയ റെന്റല്‍ മാര്‍ക്കറ്റ് റെക്കോര്‍ഡ് കുറിക്കപ്പെടുന്നുവെന്നാണ് ഹാംപ്ടണ്‍സിലെ ഹെഡ് ഓഫ് റിസര്‍ച്ചായ അനീഷ ബെവെറിഡ്ജ് പറയുന്നത്. വാടകകള്‍ 2015നും 2019നും ഇടയില്‍ വര്‍ധിച്ചതിനേക്കാള്‍ കൂടുതല്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ വര്‍ധിച്ചു.