കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടുള്ള കണ്‍സള്‍ട്ടന്റുമാരുടെ സമരം ഇന്നുമുതല്‍. കണ്‍സള്‍ട്ടന്റുമാര്‍ക്കൊപ്പം ജൂനിയര്‍ ഡോക്ടര്‍മാരും ചേരുന്നതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനകം നാല് പണിമുടക്കുകള്‍ സംഘടിപ്പിച്ച ശേഷമാണ് ഗവണ്‍മെന്റ് നിലപാടില്‍ മാറ്റം വരുത്താന്‍ പുതിയ നീക്കം തുടങ്ങിയത്.
ഈ ഘട്ടത്തിലാണ് ആശുപത്രികളില്‍ മിനിമം സേഫ് സ്റ്റാഫിംഗ് ലെവല്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. ഇതുവഴി സമരദിനങ്ങളിലും ഡോക്ടര്‍മാരെ കൊണ്ട് ജോലി ചെയ്യിക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചിട്ടുണ്ട്.
നാളെ മുതലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങുന്നത്. കണ്‍സള്‍ട്ടന്റുമാര്‍ക്കൊപ്പം ചരിത്രത്തില്‍ ആദ്യമായി സംയുക്ത സമരത്തിന് ഒരുങ്ങുന്ന ഇവര്‍ മൂന്ന് ദിവസം സമരം നടത്തും. സ്ഥിതി ആശങ്കാജനകമാണെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. സമരങ്ങളെ തുടര്‍ന്ന് ചില രോഗികള്‍ക്ക് ഓപ്പറേഷനുകള്‍ രണ്ടും, അതിലേറെയും തവണ മാറ്റിവെയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. ക്യാന്‍സര്‍ ബാധിതരും ഇതില്‍ പെടുന്നു.
സമരം ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുക്കാനുള്ള രീതിയാണ് മിനിമം സര്‍വ്വീസ് ലെവല്‍ വഴി നടപ്പാക്കുക. നേരത്തെ ആംബുലന്‍സ് ജീവനക്കാര്‍ സമരം ചെയ്യുന്നതിനിടെ ഇത് പ്രയോഗിച്ചിരുന്നു. ഈ പണിമുടക്കിന് പിന്നാലെ ഒക്ടോബര്‍ 2, 3, 4 തീയതികളിലും കണ്‍സള്‍ട്ടന്റുമാരും, ജൂനിയര്‍ ഡോക്ടര്‍മാരും പണിമുടക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ പണിമുടക്കുക.