വിദേശം

അടിയും തിരിച്ചടിയും; കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാക്കി ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കി. ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ആണ് ഇരു രാജ്യങ്ങളും അടിയ്ക്ക് തിരിച്ചടി എന്ന നിലയില്‍ നടപടികളുമായി മുന്നോട്ട് പോവുന്നത്. മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതില്‍ തിരിച്ചടിച്ച് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടാനാണ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കാനേഡിയന്‍ പൗരനായ ഖാലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കാനഡ ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ഒപ്പമാണ് മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കി ഉത്തരവിട്ടത്. ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടില്ലെങ്കിലും ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കാനഡയിലെ മേധാവിയേയാണ് പുറത്താക്കിയതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കനേഡിയന്‍ ഡിപ്ലോമാറ്റിനെ ഇന്ത്യ പുറത്താക്കി ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞന്റെ ഇടപെടലുകള്‍ക്കെതിരേയും ഇന്ത്യാ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതിലെ പ്രതിഷേധവും രേഖപ്പെടുത്തിയാണ് ഇന്ത്യ, കാനഡ ഉദ്യോഗസ്ഥനെ പുറത്താക്കിയത്.

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും ഇന്ത്യ ആരോപിച്ചു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമർശിച്ചു.

ഖാലിസ്ഥാൻ വിഘടനവാദി ഹര്‍ദീപ് സിങ് നിജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു.

അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഒരു രാജ്യം നടത്തുന്ന പുറത്താക്കലുകള്‍ മറ്റൊരു രാജ്യം അംഗീകരിച്ചു നല്‍കാറില്ല. നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലുള്ള പങ്ക് ഇന്ത്യ ഔദ്യോഗികമായി തള്ളിയ സാഹചര്യത്തില്‍ ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളാവുകയാണ്.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേര്‍ ആണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.

ഇന്ത്യയില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലും പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാര്‍ പ്രതിയാണ്. 2018ൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. വര്‍ഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നിജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നിജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.

  • സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍; കണ്ടെത്തിയത് 13,000 വീഡിയോകള്‍
  • യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
  • സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വയനാടിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
  • 'പ്രതികാര ചെങ്കൊടി' ഉയര്‍ത്തി ഇറാന്‍; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല
  • പാരിസ് മിഴിതുറന്നു; ലിംഗ സമത്വത്തിന്റെ പ്രതീകമായി ദീപശിഖ ചടങ്ങ്
  • നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് 18 മരണം
  • നാണക്കേടുമായി ബൈഡന്‍ പിന്മാറി; ട്രംപിന് എതിരാളി കമല ഹാരിസ്
  • വിന്‍ഡോസ് പണിമുടക്കി; ലോകം നിശ്ചലമായി!
  • വെടിവയ്പ്പ് ട്രംപിന്റെ തലവര മാറ്റി; റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ജനപ്രീതിയും ഉയര്‍ന്നു
  • അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions