ചാത്തന്നൂര്‍(കൊല്ലം): അക്ഷയസെന്റര്‍ ജീവനക്കാരിയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്നതിനു ശേഷം ഭര്‍ത്താവ് കഴുത്തറുത്തു കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്‍ണാടക കൂടല്‍ സ്വദേശിനി നദീറ(36), ഭര്‍ത്താവ് പാരിപ്പള്ളി നാവായിക്കുളം അല്‍മായ വീട്ടില്‍ റഹീം (50) എന്നിവരാണു മരിച്ചത്. പാരിപ്പള്ളി-പരവൂര്‍ റോഡിലെ അക്ഷയ സെന്ററില്‍ ഇന്നലെ രാവിലെ 8.40 നായിരുന്നു സംഭവം.
മഴയത്തു സ്‌കൂട്ടറില്‍ എത്തിയ റഹീം ഹെല്‍മറ്റ് ഊരി അക്ഷയ സെന്ററിന്റെ ഫ്രണ്ട് ഓഫീസില്‍വച്ചതിന് ശേഷം നദീറ ജോലി ചെയ്യുന്ന മുറിയിലേക്കു കയറി. ആധാര്‍ പുതുക്കുന്നതിനായി വന്ന കസ്റ്റമറുടെ വിവരശേഖരണം നടത്തുകയായിരുന്ന നദീറയെ മുടിയില്‍ കുത്തിപ്പിടിച്ച് എഴുന്നേല്‍പ്പിച്ച ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്കൊഴിച്ചു തീ കൊളുത്തുകയായിരുന്നു.
അക്ഷയ സെന്ററിലെ ജീവനക്കാരും കസ്റ്റമറായ പെണ്‍കുട്ടിയും നിലവിളിച്ചുകൊണ്ടു പുറത്തേക്കോടി. റോഡില്‍ നിന്നിരുന്ന നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും റഹീം അക്ഷയ സെന്ററില്‍ നിന്നിറങ്ങി പാരിപ്പള്ളി-പരവൂര്‍ റോഡിലൂടെ തൊട്ടടുത്ത ഇടവഴിയിലൂടെ ഓടി. പിന്നാലെയെത്തിയ നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തൊട്ടടുത്തുള്ള സ്വകാര്യ റോഡിലൂടെ വ്യാപാരഭവനു സമീപത്തെ വീട്ടിലെ മതില്‍ ചാടി കടന്നു.
ഭാഗികമായി കത്തിയ മഴക്കോട്ട് ഉപേക്ഷിച്ച ശേഷം കത്തി കൊണ്ട്കെ കൈ ഞരമ്പ് മുറിക്കുകയും കഴുത്തറുക്കാന്‍ ശ്രമിക്കുകയും കിണറിന്റെ മൂടിയുടെ അടപ്പ് തുറന്ന് കിണറ്റിലേക്ക് ചാടുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറായ റഹിം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംശയരോഗമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
ഒരു മാസം മുമ്പ് കുടുംബവഴക്കിനെത്തുടര്‍ന്നു റഹിം, നദീറയെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചിരുന്നു. നദീറയുടെ പരാതിയില്‍ പോലീസ് അറസ്റ്റ്‌ചെയ്ത് റിമാന്‍ഡിലായിരുന്ന റഹിം നാലു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. താമസസ്ഥലത്തും ജോലി സ്ഥലത്തുമെത്തി ശല്യപ്പെടുത്തിയതോടെ വീണ്ടും പള്ളിക്കല്‍ പോലീസില്‍ നദീറ പരാതി നല്‍കി.
വാടകവീട്ടിലുണ്ടായിരുന്ന റഹീമിന്റെ തുണികളും മറ്റു സാധനങ്ങളും എടുത്തുകൊടുത്ത പോലീസ് ഇനി ശല്യമുണ്ടാവില്ലെന്നു പോലീസ് സ്‌റ്റേഷനില്‍ എഴുതിവയ്പ്പിക്കുകയും ചെയ്തിരുന്നു. മക്കള്‍: റാഫിയ ഷാ, റെയ്ഹാന്‍ ഷാ.