ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി. തൃശൂര്‍ സ്വദേശിയായ ജയരാജ് വാസു(58)വാണ് അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയരാജിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രി ജീവനക്കാര്‍ നടത്തിയെങ്കിലും ജയരാജ് ജീവിതത്തിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വിരളമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുക ആയിരുന്നു. നിലവില്‍ ഭാര്യക്കൊപ്പമാണ് യുകെയില്‍ കഴിഞ്ഞിരുന്നത്. മക്കള്‍ നാട്ടില്‍ ആയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് തൃശൂര്‍ രാമവര്‍മപുരം നെല്ലിക്കാട് കണ്ടാരുവളപ്പില്‍ ജയരാജിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഏതാനും വര്‍ഷമായി യുകെയില്‍ ആയിരുന്നു ജീവിച്ചുവന്നിരുന്നത്.
യുകെയില്‍ മറ്റു ബന്ധുക്കള്‍ ഇല്ലാത്തതിനാലും മക്കള്‍ കേരളത്തില്‍ ആയതിനാലും സംസ്‌കാരം നാട്ടില്‍ നടത്താന്‍ ആണ് ശ്രമം. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവും ഇക്കാര്യങ്ങള്‍ തീരുമാനിക്കുക.