നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ടീച്ചര്‍മാരുടെയും ട്രെയിന്‍ ജീവനക്കാരുടെയും ഇടക്കിടെയുള്ള സമരങ്ങള്‍ക്ക് പിന്നാലെ ലണ്ടന്‍ ട്യൂബ് ജീവനക്കാരും. അടുത്ത മാസം നാല് ആറ് തിയതികളില്‍ തങ്ങള്‍ സമരം ചെയ്യുമെന്നാണ് ട്യൂബ് ജീവനക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരുടെ സമരത്തെ തുടര്‍ന്ന് സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ടുന്ന അവസ്ഥയുണ്ടാകുമെന്നും അതിനാല്‍ യാത്രക്കാര്‍ ട്രെയിനുകളുടെ ലഭ്യത ഉറപ്പാക്കിയതിന് ശേഷം മാത്രമേ യാത്രകള്‍ക്കിറങ്ങാവൂ എന്നും മുന്നറിയിപ്പുണ്ട്. തങ്ങളുടെ സേവന-വേതന വ്യവസ്ഥകളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്നാണ് ദി നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് (ആര്‍എംടി) യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ട്യൂബ് ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സമയം വെട്ടിക്കുറച്ചതിനെ ഇതിന് മുമ്പ് തന്നെ ആര്‍എംടി ചോദ്യം ചെയ്തിരുന്നു. വര്‍ധിച്ച ജോലിഭാരം, ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നത്, ജോലിഭാരത്തെ തുടര്‍ന്നുളള തളര്‍ച്ച , അര്‍ഹമായ വേതനമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ട്യൂബ് ജീവനക്കാര്‍ നേരിടുന്നതെന്നും ഇതിന് പരിഹാരം കാണാത്ത പക്ഷം സമരമല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് ആര്‍എംടി സമരത്തെ ന്യായീകരിച്ചിരിക്കുന്നത്.
ട്യൂബ് ജീവനക്കാരുടെ ജോലി നഷ്ടവും അവരുടെ അവകാശങ്ങള്‍ക്കും സാലറി ചട്ടങ്ങള്‍ക്കും മുകളിലുള്ള ഇടപെടലും കാരണം അവരുടെ ഉപജീവന മാര്‍ഗത്തിന്റെ കടക്കലാണ് അധികൃതര്‍ കത്തി വച്ചിരിക്കുന്നതെന്നാണ് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് ആരോപിക്കുന്നത്. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ജീവനക്കാരില്ലാതാകുന്ന സ്റ്റേഷനുകള്‍ താല്‍ക്കാലികമായെങ്കിലും അടച്ച് പൂട്ടേണ്ടി വരുന്ന ഗതികേടിലായിരിക്കുന്നുവെന്നും ലിഞ്ച് എടുത്ത് കാട്ടുന്നു.