ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണി(ഉലെസ്)നെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സോണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ക്യാമറകള്‍ വ്യാപകമായി നശിപ്പിച്ചാണ് ഇത്തവണ പ്രതിഷേധക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ക്യാമറകള്‍ നശിപ്പിക്കപ്പെട്ടതിനെതിരെ പ്രദേശവാസികളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡാര്‍ട്ട്‌ഫോര്‍ഡില്‍ ആക്രമികള്‍ ട്രാഫിക്ക് ലൈറ്റുകളും തകര്‍ത്തിട്ടുണ്ട്.
ക്രേഫോര്‍ഡ് വേയ്ക്ക് കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടുവെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡ്രൈവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ക്യാമറകളെ പരിഹസിച്ചുള്ള പോസ്റ്ററുകളും ഉലെസ് വിരുദ്ധര്‍ പതിച്ചിട്ടുണ്ട്. ഉലെസ് സ്‌പൈ ക്യാമറ എന്നെഴുതിയാണിവര്‍ പോസ്റ്ററുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ക്യാമറകള്‍ തകര്‍ത്തതിനെ ചൊല്ലി ഓണ്‍ലൈനില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഉലെസ് സോണ്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായുളള ജനവികാരമാണിതെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരിക്കലും യോജിക്കാനാവാത്ത ജനവിരുദ്ധ പ്രവര്‍ത്തിയായാണ് ഉലെസ് പരിഷ്‌കാരത്തെ പിന്തുണക്കുന്നവര്‍ പ്രതികരിച്ചിരിക്കുന്നത്. ലണ്ടനിലെ ചില മേഖലകളില്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിനാണ് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ ഉലെസ് പരിഷ്‌കാരം നടപ്പിലാക്കിയിരുന്നത്. സമീപകാലത്ത് ഉലെസ് എല്ലാ ലണ്ടന്‍ ബറോകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തത് കടുത്ത പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വാഹനങ്ങള്‍ ഇത്തരം സോണുകളിലൂടെ ഓടിക്കുമ്പോള്‍ വന്‍ തുക പിഴയായി നല്‍കണമെന്നാണ് ഉലെസ് സംബന്ധിച്ച നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത് വാഹന ഉടമകളെ കൊള്ളയടിക്കുന്ന പരിഷ്‌കാരമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. ക്യാമറ തകര്‍ത്തത് പോലുള്ള ആക്രമണങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ഇതിനെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.