കോവിഡ്-19ന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതായി പഠനം. ലോംഗ് കോവിഡുമായി ജീവിക്കുന്ന, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് തകരാറുകളുണ്ടായിട്ടുണ്ടെന്നാണ് പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. ഈ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ എംആര്‍ഐ സ്‌കാനുകളിലൂടെ ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്ത് വന്നിരിക്കുന്നത്.
ലോംഗ് കോവിഡുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ശ്വാസകോശം, മസ്തിഷ്‌ക്കം, വൃക്കകള്‍ തുടങ്ങിയ ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാറുകളുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയേറെയാണെന്നാണ് ഈ സ്‌കാനിംഗുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ അവയവങ്ങള്‍ക്ക് തകരാറ് വരുന്നതില്‍ ലോംഗ് കോവിഡിന് ശക്തമായ സ്വാധീനമുണ്ടെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ലോംഗ് കോവിഡ് ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സകള്‍ വികസിപ്പിക്കാന്‍ യുകെയില്‍ നടത്തിയ ഈ പഠനം സഹായിക്കുമെന്നാണ് കരുതുന്നത്.
ലോംഗ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 259 രോഗികളെ നിരീക്ഷിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ണായക പഠനം ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിക്കാത്ത 52 പേരുടെ എംആര്‍ഐ സ്‌കാനിംഗുമായി ലോംഗ് കോവിഡ് ബാധിച്ചവരുടെ സ്‌കാനിംഗുകളെ താരതമ്യപ്പെടുത്തിയിരുന്നു. ഇത് പ്രകാരം ലോംഗ് കോവിഡ് ബാധിച്ചവരുടെ അവയവങ്ങള്‍ക്ക് കോവിഡ് ബാധിക്കാത്തവരുടെ അവയവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ കേടുപാടുകളുണ്ടായിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലോംഗ് കോവിഡ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കിയിരിക്കുന്നത് ശ്വാസകോശങ്ങള്‍ക്കാണ്. അതായത് ശ്വാസകോശങ്ങള്‍ക്ക് ലോംഗ് കോവിഡ് കേടുപാടുകളുണ്ടാക്കുന്നതിന് 14 ഇരട്ടി സാധ്യത കൂടുതലാണെന്നാണ് ഈ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ലോംഗ് കോവിഡ് മസ്തിഷ്‌കത്തിന് തകരാറുണ്ടാക്കുന്നതിന് മൂന്നിരട്ടി സാധ്യതയേറെയാണെന്നും പഠനം പറയുന്നു.