അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനെ (38) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വീടിന്റെ വാതില്‍ പൊളിച്ച് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കുടുംബസമേതമായിരുന്നു താമസം. ഭാര്യയും മക്കളും നാട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞ സമയത്താണ് ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കള്‍ക്കിടയിലൊന്നും ജൂഡിനെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ ഗാര്‍ഡ(പൊലീസ്) കണ്ടെത്തുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജൂഡ് സെബാസ്റ്റ്യനും കുടുംബവും അയര്‍ലന്‍ഡില്‍ എത്തിയത്. സിഗ്‌നാ കെയര്‍ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് സെബാസ്റ്റ്യന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാട്ടര്‍ഫോര്‍ഡിലെ ഫോക്‌സ് വുഡില്‍ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്.
ഭാര്യ കൊല്ലം സ്വദേശിനിയായ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ആന്റു ജൂഡ് പടയാറ്റി (3), എലീശ ജൂഡ് പടയാറ്റി (2) എന്നിവരാണ് മക്കള്‍.
മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പിന്നീട് നാട്ടില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.