യുകെ സന്ദര്‍ശിക്കുന്നതിനോ, ഇവിടെ ജീവിക്കുന്നതിനോ, പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഉള്ള വിസകള്‍ക്കുള്ള നിരക്കില്‍ ഒക്ടോബര്‍ നാല് മുതല്‍ 15 മുതല്‍ 35 ശതമാനം വരെ വര്‍ധനവ് വരും. കൂടാതെ കുടിയേറ്റക്കാര്‍ക്കുള്ള ഹെല്‍ത്ത്കെയര്‍ പേയ്മെന്റില്‍ 66 ശതമാനത്തിന്റെ വര്‍ധനവ് കൂടി വരുന്നതോടെ സമര്‍ത്ഥരായ ജീവനക്കാരെ വിദേശങ്ങളില്‍ നിന്നും യു കെയില്‍ എത്തിക്കാന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയും വന്നു ചേരും.
തൊഴിലാളികളുടെ എണ്ണത്തില്‍ ബ്രെക്സിറ്റിന് മുന്‍പുള്ള നില കൈവരിക്കാന്‍ കഴിയാതെ രാജ്യം ക്ലേശിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
നിലവില്‍ 363 പൗണ്ട് ഫീസ് ഉള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയുടെ ഫീസ് 35 ശതമാനത്തോളം വര്‍ദ്ധിച്ച് ഏതാണ്ട് 500 പൗണ്ടില്‍ എത്തും. അതേസമയം, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ, യുകെയില്‍ ദീര്‍ഘകാലം താമസിച്ച് ജോലി ചെയ്യുന്നതിനുള്ള വര്‍ക്കിംഗ് വിസ , അവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസ, ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കള്‍ക്കുള്ള വിസ എന്നിവയുടെ നിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും. ഇതോടെ ഈ വിഭാഗത്തില്‍ പെടുന്ന വിസയ്ക്കായി ഒരു വ്യക്തിക്ക് 3000 പൗണ്ട് വരെ ഫീസായി ഈടാക്കും.
ചില കുടുംബങ്ങള്‍ക്ക് യുകെയിലേക്ക് വരണമെങ്കില്‍ 28,000 പൗണ്ട് വരെ മുടക്കേണ്ടതായി വരും. ഇതോടെ നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന പല തൊഴിലാളികള്‍ക്കും അവരുടെ നിലവിലെ വിസയുടെ കാലാവധി തീരുമ്പോള്‍ പുതിയ വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുമോ എന്നത് ആശങ്കയായി മാറും. ഇതോടെ ഇവര്‍ രേഖകള്‍ ഇല്ലാതെ ഇവിടെ തങ്ങേണ്ടുന്ന അവസ്ഥ വന്നേക്കാം.
നിലവിലെ വിസയുടെ കാലാവധി തീരുന്നതോടെ പുതിയ വിസക്ക് അപേക്ഷിക്കേണ്ടതുണ്ട്. വിസ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ പലരും മറ്റു രാജ്യങ്ങളില്‍ ജോലിക്കായി ശ്രമിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് തുടരാനായി ഏതാണ്ട് 10,000 പൗണ്ട് വിസ ഫീസ് ഇനത്തിലും മറ്റുമായി ചെലവാക്കേണ്ടുന്ന സാഹചര്യമാണ്.
വിസ ഫീസ് വര്‍ദ്ധനവും ഹെല്‍ത്ത്കെയര്‍ സര്‍ച്ചാര്‍ജ്ജ് വര്‍ദ്ധനയുംപ്രതികൂല ഫലങ്ങളെ ഉണ്ടാക്കുകയുള്ളു എന്നാണ് ഒരു വിഭാഗം പറയുന്നത്. യു കെ സമ്പദ്ഘടന ഏറെ ക്ലേശകരമായ സാഹചര്യത്തില്‍ കൂടി കടന്നു പോകുമ്പോള്‍, വ്യാപാര-വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയമായിരിക്കണം സര്‍ക്കാര്‍ എടുക്കേണ്ടതെന്നും അവര്‍ പറയുന്നു.