ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജില്‍) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിക്കുകയും കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ (ഇപ്പോള്‍ തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.
1947-ല്‍ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതര്‍ലന്‍ഡ്‌സില്‍ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതര്‍ലന്‍ഡ്‌സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗന്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം അംഗമായിരുന്നു. പിന്നീട് 1950-ല്‍ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു. 1952-ല്‍ പി.എച്ച്.ഡി. ബിരുദം നേടി. വിസ്കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.
1954-ന്റെ തുടക്കത്തില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുന്‍ പ്രൊഫസര്‍ മുഖേന കട്ടക്കിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു.
1971-ല്‍ ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ഡോ. സ്വാമിനാഥന്‍ വലിയ പങ്കു വഹിച്ചു. എംഎസ് സ്വാമിനാഥനെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് ടൈംസ് മാഗസിന് വിശേഷിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്ക് ഫലപ്രദമാകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.
1943ലെ ബംഗാള്‍ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റമണ്‍ മാഗ്‌സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.