യുകെയിലെ തിരുവാതിരകളി പ്രേമികള്‍ക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുക്കാന്‍ മെഗാ തിരുവാതിരയുമായി കലാഭവന്‍ ലണ്ടന്‍. ഒക്ടോബര്‍ 7 ശനിയാഴ്ച ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിങ്‌സ് ഫോര്‍ഡ് കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വെച്ചു നടക്കുന്ന 'ആരവം 2023' എന്ന പരിപാടിയില്‍ വെച്ചാണ് കലാഭവന്‍ ലണ്ടന്‍ ഈ മെഗാ പ്രൊജക്റ്റിനു തുടക്കം കുറിക്കുന്നത്. യുകെയിലെ മുഴുവന്‍ തിരുവാതിര പ്രേമികളെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു മെഗാ തിരുവാതിരയുമായി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് കലാഭവന്‍ ലണ്ടന്‍. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിലാണ് ഒക്ടോബര്‍ ഏഴിന് ലണ്ടനില്‍ ഓള്‍ യുകെ തിരുവാതിര കോമ്പറ്റീഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവാതിരയില്‍ നിലവിലെ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് 7027 വനിതകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂര്‍ വെച്ച് ഈ വര്‍ഷം അവതരിപ്പിച്ച തിരുവാതിരയാണ്. അടുത്ത വര്‍ഷം മെയ് / ജൂണ്‍ മാസത്തില്‍ യുകെയിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സൗകര്യ പ്രദമായ ഒരു സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടിയുള്ള ഈ മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയോടൊപ്പം കേരളത്തിന്റെ കലാ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും, കേരളത്തിന്റെ കലയെയും സാംസ്‌ക്കാരിക തനിമയെയും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയില്‍ കഥകളി, കളരിപ്പയറ്റ്, തെയ്യം, ചെണ്ടമേളം തുടങ്ങിയ തനതു കലാ രൂപങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കും.
ഒക്ടോബര്‍ ഏഴിന് നടക്കുന്ന 'ആരവം 2023' പരിപാടിയില്‍ ഈ മെഗാ പ്രോജെക്റ്റിനു തിരശീല ഉയരും. ഒരു മണി മുതല്‍ തിരുവാതിര കളി മത്സരങ്ങള്‍ ആരംഭിക്കും. മത്സരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1000, 500, 250 പൗണ്ടുകള്‍ സമ്മാനമായി ലഭിക്കും. തിരുവാതിര മത്സരങ്ങള്‍ക്കിടയില്‍ സംഗീതം നൃത്തനൃത്തങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെടും. മത്സരങ്ങള്‍ക്ക് ശേഷം സാംസ്‌ക്കാരിക സമ്മേളനവും സമ്മാന ദാനവും നടക്കും. യുകെയില്‍ നിന്നുള്ള നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കും.
കഥകളി മുതല്‍ കളരിപ്പയറ്റ് വരയുള്ള കലാരൂപങ്ങളും മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളും മറ്റ് ട്രഡീഷണല്‍ കലാരൂപങ്ങളും വസ്ത്ര ധാരണവും നമ്മുടെ കേരളത്തിന്റെ പ്രകൃതി ഭംഗിയും കലയും സംസ്‌ക്കാരവും എല്ലാം വിളിച്ചോതുന്ന ഒരു ഫാഷന്‍ ഷോ 'എന്റെ കേരളം ' ''ആരവം 2023'' ഷോയില്‍ അവതരിപ്പിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും കലാ പ്രവര്‍ത്തകര്‍, തിരുവാതിര മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, മെഗാ തിരുവാതിര 2024 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍സ് വോളണ്ടിയര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
ജയ്സണ്‍ ജോര്‍ജ് ഡയറക്ടര്‍ കലാഭവന്‍ ലണ്ടന്‍: 07841613973, email : kalabhavanlondon@gmail.com