യുവാക്കളില്‍ വലിയ തോതില്‍ ടൈപ് 2 ഡയബെറ്റിസ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ പഠനം. 30 വയസ്സിന് മുന്‍പ് ടൈപ് 2 ഡയബെറ്റിസ് പിടിപെടുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം. ഏറെ അപകട സാധ്യതയുള്ളവരെ കണ്ടെത്തണമെന്നും, അവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതായത്, ടൈപ്പ് 2 പ്രമേഹം ബാധിച്ചിരുന്നില്ലെങ്കില്‍ അവര്‍ ജീവിക്കുമായിരുന്ന കാലത്തോളം, 30 വയസ്സിന് മുന്‍പ് ഇത് ബാധിച്ചാല്‍ ജീവിക്കാന്‍ കഴിയില്ല എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയൂന്നത്. ഡയബെറ്റിസ് യു കെയുടെ കണക്കുകള്‍ പ്രകാരം 4.3 ദശലക്ഷം ആളുകള്‍ക്കാണ് പ്രമേഹം ഉള്ളത്. എന്നാല്‍ അവരില്‍ ഏകദേശം 8.5 ലക്ഷം പേരുടെ രോഗം ഇനിയും സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.
ഓരോ വര്‍ഷവും ഏകദേശം 10 ബില്യന്‍ പൗണ്ടാണ് എന്‍ എച്ച് എസ് ചെലവഴിക്കുന്നത്. ഇത് എന്‍ എച്ച് എസിന്റെ മൊത്തം ചെലവിന്റെ ഏകദേശം 10 ശതമാനത്തോളം വരും. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി വര്‍ദ്ധിക്കും. ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്നതാണ് ഇതിന് കാരണം. ഇത് വൃക്കകളുടെ തകരാറ്, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകാം.
നേരത്തെ നടത്തിയ ഒരു പഠനത്തില്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ അത് ഇല്ലാത്തവരേക്കാള്‍ ശരാശരി ആറ് വര്‍ഷം കുറച്ചു മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന് തെളിഞ്ഞിരുന്നു. ഏകദേശം 1.5 മില്യന്‍ ആളുകളുടെ രേഖകള്‍ പരിശോധിച്ചായിരുന്നു പുതിയ പഠനം നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ദി ലാന്‍സെറ്റ് ഡയബെറ്റിസ് ആന്‍ഡ് എന്‍ഡോക്രിനോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.