ന്യൂഡല്‍ഹി: യുദ്ധം കടുത്ത ദുരിതം വിതച്ചിരിക്കുന്ന ഗാസാ ഇടനാഴിയില്‍ സുസ്ഥിരമായ സഹായം നല്‍കുമെന്ന് ഈജിപ്ത്. ഇതിനായി ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു. അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് നൂറുകണക്കിന് ട്രക്കുകള്‍ അയയ്ക്കുമെന്നും ദിവസവും ഇരുപത് ട്രക്കുകള്‍ വീതം അനുവദിക്കാനുമാണ് തീരുമാനം. വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്ക് ഈജിപ്ത് അതിര്‍ത്തി വഴി അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോടെയാണ് ഇസ്രായേല്‍ അയഞ്ഞത്. നേരത്തേ ഗാസയില്‍ സഹായം എത്തിക്കാനുള്ള ഈജിപ്ത് നീക്കം തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസ വ്യേമാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ വലയുന്നത്. നേരത്തേ ഗാസാമുനമ്പില്‍ നിന്നും വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടിരുന്നു. ഗാസയുടെ ഏഴ് അതിര്‍ത്തികള്‍ കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായിട്ടായിരിക്കും ആദ്യം ഇരുപത് ട്രക്കുകള്‍ അയയ്ക്കുക.
ബൈഡന്‍ ഭരണകൂടം വെസ്റ്റ്ബാങ്കിലും ഗാസാ മുനമ്പിലുമായി 100 ദശലക്ഷത്തിന്റെ സഹായം അനുവദിച്ചിട്ടുണ്ട്. യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യിക്കപ്പെട്ട എല്ലാം തകര്‍ന്ന പത്തുലക്ഷം പേര്‍ക്ക് സഹായം കിട്ടും. ആശുപത്രിയില്‍ നടന്ന ആക്രമണത്തിന് പശ്ചാത്തലത്തില്‍ അറബ് നേതാക്കളായ സിസി പാലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ്, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവരുമായി നടത്താനിരുന്ന ബൈഡന്റെ കൂടിക്കാഴ്ച ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
2007 ന് ശേഷം ഈജിപ്തും ഇസ്രായേലും ഗാസയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. പരിസരപ്രദേശങ്ങളെല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് അനേകം മനുഷ്യരാണ് ഇവിടെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കേഴുന്നത്. ഗാസയിലെ സ്ഥിതി നിയന്ത്രണാതീതമാണെന്ന് നേരത്തേ ലോകാരോഗ്യസംഘടനയും പറഞ്ഞിരുന്നു. എല്ലാവശങ്ങളില്‍ നിന്നും അക്രമം നിര്‍ത്തുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അധനം ഗബ്രിയേസസ് പറഞ്ഞു.