ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തില്‍ ഇനി കാനഡയിലേക്കുള്ള വിസ അപേക്ഷകളില്‍ നടപടികള്‍ വൈകും. ഇന്ത്യ 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവെച്ചതായി കാനഡ അറിയിച്ചു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് കാനഡ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കാനഡയിലേക്ക് പോകാന്‍ ലക്ഷ്യമിടുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാവും.
വിസ സര്‍വീസുകള്‍ ഡല്‍ഹിയിലെ ഹൈക്കമ്മീഷനില്‍ മാത്രം തല്‍ക്കാലം തുടരും. നയതന്ത്ര പരിരക്ഷ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തില്‍ കാനഡയുടെ 41 ഉദ്യോഗസ്ഥര്‍ ഇന്നലെ മടങ്ങി. ഇന്ത്യയുടെ നിര്‍ദ്ദേശം അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളി ആരോപിച്ചു.
എന്നാല്‍ കാനഡയുടെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യയ്ക്ക് കാനഡയിലുള്ളതിന്റെ രണ്ടിരട്ടി ഉദ്യോഗസ്ഥര്‍ കാനഡയ്ക്ക് ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണം വെട്ടിക്കുറയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കിയത്. ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടര്‍ന്നു. അതാണിപ്പോള്‍ തിരിച്ചടിയാവുന്നത്.
ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ആണ് ഇരു രാജ്യങ്ങളും അകന്നത്. ആദ്യം ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കി.