ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.
ആദ്യമായിട്ടാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്. വടക്കന്‍ ഗാസയില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പിലെത്തിയവരുള്‍പ്പെടെ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. അതിര്‍ത്തികളില്‍ കരയുദ്ധത്തിന് സജ്ജമായി സൈനിക ടാങ്കുകളും ഒരുക്കിയിരുന്നു.
അതേസമയം, ഗാസ മുനമ്പില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ്. ഗാസയില്‍ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കരയുദ്ധവും ആരംഭിച്ചിരിക്കുന്നത്.