സമുദായത്തെയും സഭയെയും ഒരേ തട്ടില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് യുകെകെസിഡബ്ല്യുഎഫിന്റെ നാലാമത് വാര്‍ഷികാഘോഷങ്ങള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സതര്‍ലാന്‍ഡ് ഹാളില്‍ അരങ്ങേറിയപ്പോള്‍ യുകെയിലെ ക്‌നാനായ കുടുംബിനികള്‍ മഴയും തണുപ്പും വകവയ്ക്കാതെ ഒഴുകിയെത്തുകയായിരുന്നു. രക്തം രക്തത്തോട് ചേര്‍ന്നതിന്റെ സന്തോഷവും, ക്‌നാനായ പാട്ടിന്റെ ഈരടികളും നടവിളികളും എല്ലാം ചേര്‍ന്നപ്പോള്‍ ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു. ക്‌നാനായ തനിമ വിളിച്ചോതിക്കൊണ്ട് ദൈവവിശ്വാസത്തില്‍ അടിയുറച്ച് തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് വരും തലമുറയ്ക്ക് പ്രചോദനം നല്‍കിയ ഈ സമ്മേളനത്തിലൂടെ യുകെകെസി ഡബ്ല്യുഎഫിന്റെ ചരിത്രത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടു.
വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടു വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ഷഞ്ജു കൊച്ചു പറമ്പില്‍, ഫാദര്‍ മാത്യു വലിയ പുത്തന്‍പുരയില്‍, ഫാദര്‍ ജോഷി കൂട്ടുങ്കല്‍, ഫാദര്‍ അജുബ് തോട്ടനാനിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിയെ തുടര്‍ BCM College Retd Professor & Legion of mary president of Kottayam Archdiocese - ലതാ മാക്കീല്‍ നടത്തിയ വിജ്ഞാനപ്രദവും ബൈബിള്‍ അധിഷ്ഠിതവുമായ മോട്ടിവേഷണല്‍ ടോക്ക് ക്‌നാനായ സ്ത്രീകള്‍ നിറ കൈകളോടെ ഏറ്റെടുത്തു. എല്ലാവരെയും -പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക്- എത്തിക്കുന്നതിനുള്ള ഒരു നല്ല വഴികാട്ടിയായി പ്രൊഫസര്‍ ലത സംസാരിച്ചപ്പോള്‍ അതിലൂടെ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ഭക്തിയും വളര്‍ത്തേണ്ടതിന്റെ ആവശ്യകത സ്ത്രീകള്‍ക്ക് മനസ്സിലാക്കി കൊടുത്തു.
ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ ഉണ്ണി ജോമോന്‍ നടത്തിയ ഇന്‍ട്രൊഡക്ഷന്‍ സ്പീച്ചിനെ തുടര്‍ന്ന് സെക്രട്ടറി പ്രീതി ജോമോന്‍ എല്ലാവരെയും സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് ചെയര്‍പേഴ്‌സണ്‍ സലിന സജീവിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് മനാറ വിളക്ക് തെളിയിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി. സജി മലയില്‍ പുത്തന്‍പുരയിലിന്റെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം വിശിഷ്ടാതിഥികളായ ലതാ മാക്കില്‍, യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് സോണ്‍ലി ജെയിംസ്, യുകെകെസിവൈഎല്‍ പ്രസിഡന്റ് ജിയാ ജിജോ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ലൈബി ജയ് നടത്തിയ നന്ദി പ്രകാശനത്തിനുശേഷം വിവിധ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
യുകെകെസിഡബ്ല്യുഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ മഹിളാരത്‌നം അവാര്‍ഡ് കോമ്പറ്റീഷന് നേതൃത്വം നല്‍കിയത് ലൈബി ജയ്, ഡാര്‍ളി ടോമി എന്നിവരാണ്. ഇതില്‍ ഒന്നിനൊന്ന് മാറ്റുരയ്ക്കുന്ന പോര്‍ട്ട്‌ഫോളിയോയുമായി രംഗത്തുവന്നത് ഏഴ് ക്‌നാനായ യുവതികളാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ പാടവം തെളിയിച്ച സ്ത്രീകളെ യൂണിറ്റുകളില്‍ നിന്നും തന്നിരിക്കുന്ന നോമിനേഷനുകളില്‍ നിന്ന് കണ്ടെത്തുവാന്‍, ഇതിന് ചുക്കാന്‍ വഹിച്ച കമ്മിറ്റിക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. ക്‌നാനായ മഹിളാ രത്‌നമായി മാഞ്ചസ്റ്ററില്‍ നിന്നുള്ള ഷെറി ബേബി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നുള്ള ലിസി ടോമി, സെക്കന്‍ഡ് റണ്ണറപ്പ് ആയി സ്വിണ്ടന്‍ യൂണിറ്റില്‍ നിന്നുള്ള ടെസി അജി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വിവാഹ ജീവിതത്തിന്റെ 25 വര്‍ഷം പിന്നിട്ട ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങും ഒരു വേറിട്ട അനുഭവമായിരുന്നു. തങ്ങളുടെ കുടുംബ ജീവിതത്തിന്റെ വിജയ രഹസ്യങ്ങള്‍ പലരും അവിടെ പങ്കുവെച്ചു. ഉണ്ണി ജോമോന്‍, ജെയ്‌സി ജോസ്, സുജ സോയ്‌മോന്‍, ഷാലു ലോബോ എന്നിവരാണ് ഇതിനു ചുക്കാന്‍ പിടിച്ചവര്‍. കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫിയില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ വെല്‍ക്കം ഡാന്‍സ് ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. സ്ത്രീകള്‍ ഒന്നിനും പിന്നിലല്ല എന്ന് തെളിയിച്ചു കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ യൂണിറ്റിലെ സ്ത്രീകള്‍ നടത്തിയ ചെണ്ടമേളം വളരെ മികവുറ്റതായിരുന്നു. ക്‌നാനായക്കാരുടെ തനത് കലയായ മാര്‍ഗംകളി, പുരാതന പാട്ട് എന്നിവയും കൂടാതെ സിനിമാറ്റിക് ഡാന്‍സ്, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്, ഡുവറ്റ് സോങ്‌സ്, കോമഡി സ്‌കിറ്റ്, തുടങ്ങി ഒന്നിനൊന്നു മെച്ചമായ കലാപരിപാടികളില്‍ ക്‌നാനായ സ്ത്രീകള്‍ കയ്യും മെയ്യും മറന്ന് തകര്‍ത്താടി. അതിനുശേഷം നടന്ന ലൈവ് ഡിജെയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സദര്‍ലാന്‍ഡ് ഹോളും പരിസരവും ആവേശത്തിരകളിലാറാടുകയായിരുന്നു.
തുടക്കം മുതല്‍ അവസാനം വരെ മികവുറ്റതും ഊര്‍ജ്ജസ്വലവുമായ സംസാര പാടവത്തിലൂടെ സദസിനെ കയ്യിലെടുക്കാന്‍ ആങ്കറിങ് ചെയ്ത ഈസ്റ്റ് ലണ്ടന്‍ യുണിറ്റിലെ സ്വപ്‌നാ സാമിനും എഡിന്‍ബര്‍ഗ് യൂണിറ്റിലെ ജെയ്ബി അനിലിനും അനായാസം സാധിച്ചു. എല്ലാവര്‍ക്കും നല്‍കിയ സ്വാദിഷ്ടമായ മൂന്നു കോഴ്‌സ് മീല്‍ ഈ കമ്മിറ്റിയുടെ എടുത്തുപറയേണ്ട ഒന്നായിരുന്നു. ഇതില്‍ നിന്നുള്‍കൊണ്ട ഊര്‍ജവും സന്തോഷവും ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള പുതു പുത്തന്‍ ആശയങ്ങളുമായി അടുത്തവര്‍ഷം വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ രാത്രി 9 മണിയോടെ യു കെ സി ഡബ്ല്യൂ എഫ് നാലാമത് വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു. സലീന സജീവ്, പ്രീസതി ജോമോന്‍, ഉണ്ണി ജോമോന്‍, ജെയ്‌സി ജോസ്, സുജാ സോയ് മോന്‍, ഡാര്‍ളി ടോമി, ഷാലു ലോബോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.