സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍ -സൂര്‍ പ്രവിശ്യയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍ ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തെ കുറിച്ച് വാഷിങ്ടണ്‍ പ്രതികരിച്ചിട്ടില്ല. ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഇസ്രയേല്‍- ഹമാസ് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. വെളിപ്പെടുത്താത്ത പ്രശ്‌നം കാരണം സിറ്റുവേഷന്‍ റൂമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടര്‍ന്ന് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമുണ്ട്, അതിനായി സിറ്റുവേഷന്‍ റൂമിലേക്ക് പോകേണ്ടതുണ്ട്, എന്നു പറഞ്ഞ ശേഷം ബൈഡന്‍ മടങ്ങുകയായിരുന്നു.
ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.