ബിസിനസ്‌

പലിശനിരക്ക് വര്‍ധനയുടെ പ്രത്യാഘാതം: 27 ലക്ഷം പേര്‍ക്ക് അപ്രതീക്ഷിത ടാക്സ് ബില്‍ വരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടരെ 14 തവണ പലിശനിരക്ക് വര്‍ധിപ്പിച്ചതിന്റെ ഫലമായി 27 ലക്ഷം പേര്‍ക്ക് അപ്രതീക്ഷിത ടാക്സ് ബില്‍ വരുംമെന്നു റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക സ്ഥാപനമായ എ ജെ ബെല്‍എച്ച് എം ആര്‍ സിക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ പറയുന്നത് ഈ വര്‍ഷം ഏതാണ്ട് 2.7 മില്യന്‍ ആളുകള്‍ അവരുടെ സേവിംഗ്സിനു മേല്‍ ടാക്സ് അടയ്ക്കേണ്ടതായി വരും എന്നാണ്. നേരത്തേ കണക്കാക്കിയിരുന്നത് ഏകദേശം 1 മില്യന്‍ ആളുകള്‍ക്ക് ടാക്സ് അടച്ചാല്‍ മതിയാകും എന്നായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെയാണ് പലര്‍ക്കും അവിചാരിതമായി നികുതിപരിധിയില്‍ ഉള്‍പ്പെടെണ്ടി വന്നിരിക്കുന്നത്.


കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി അടിസ്ഥാന നിരക്ക് വര്‍ദ്ധിപ്പിച്ചതിന്റെ പരിണിതഫലമാണിതെന്നാണ് എ ജെ ബെല്‍സ് പറയുന്നത്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് 5.25 ശതമാനമാണ്. 2021 ഡിസംബറില്‍ ഉണ്ടായിരുന്ന 0.1 ശതമാനത്തേക്കാള്‍ ഒരുപാട് കൂടുതലാണിത്. പലിശ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ സമ്പാദ്യവും വര്‍ദ്ധിക്കും. ഒറ്റനോട്ടത്തില്‍ ഇത് വളരെ നല്ല കാര്യമാണെന്ന് തോന്നാമെങ്കിലും, ഇത് നികുതി അടക്കേണ്ടുന്ന സാഹചര്യമെത്തിക്കുമെന്നും എ ജെ ബെല്‍സ് പറയുന്നു.

കൂടുതല്‍ ആളുകള്‍ നികുതി രഹിത സേവിംഗ്സ് പരിധി മറികടക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബെല്‍സ് പറയുന്നത് അനുസരിച്ച്, ഈസി ആക്സസ് അക്കൗണ്ടുകളില്‍ പണമുള്ള, ഉയര്‍ന്ന നിരക്കില്‍ നികുതി അടക്കുന്നവര്‍ക്ക് 2021 ഡിസംബറില്‍ അവരുടെ അക്കൗണ്ടില്‍ 77,000 പൗണ്ട് വരെ നികുതി നല്‍കാതെ സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ആ പരിധി 9,525 ആയി കുറഞ്ഞിരിക്കുകയാണ്. അതുപോലെ കുറഞ്ഞ നിരക്കില്‍ ടാക്സ് നല്‍കുന്നവര്‍ക്ക് 2021 ഡിസംബറില്‍ 1,54,000 പൗണ്ട് വരെ സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കാമായിരുന്നെങ്കില്‍ ഇന്ന് അത് 19,000 പൗണ്ട് ആയി കുറഞ്ഞിരിക്കുന്നു.


സേവിംഗ്സ് അക്കൗണ്ട് ഉള്ള ശരാശരി വരുമാനക്കാര്‍ മിക്കവാറും ഇതാദ്യമായിട്ടായിരിക്കും സേവിംഗ്സിനു മെല്‍ നികുതി അടക്കുക എന്ന് എ. ജെ ബെല്ലിലെ പേഴ്സണല്‍ ഫിനാന്‍സ് പ്രതിനിധി ലോറാ സുട്ടര്‍ പറയുന്നു. 20 ശതമാനം അടിസ്ഥാന നിരക്കില്‍ നികുതി അടക്കുന്നവര്‍ക്കുള്ള പേഴ്സണല്‍ സേവിംഗ്സ് 1000 പൗണ്ട് ആണ്. ഉയര്‍ന്ന നിരക്കായ 40 ശതമാനം നികുതി അടക്കുന്നവര്‍ക്കിത് 500 പൗണ്ടും. 1,25,140 പൗണ്ടിന് മേല്‍ ശമ്പളമുള്ള, അധിക നികുതി അടക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ഇല്ല.


പലിശ നിരക്ക് വര്‍ദ്ധിച്ചതിനു പുറമെ, കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടയില്‍ ധാരാളം പേര്‍ നികുതി നിരക്കിന്റെ തൊട്ടടുത്ത സ്റ്റേജിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അതായത്, ധാരാളം പേരുടെ നികുതി 20 ശതമാനത്തില്‍ നിന്നും 40 ശതമാനമായി വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പേഴ്സണല്‍ സേവിംഗ് അലവന്‍സ് 1000 പൗണ്ടില്‍ നിന്നും 500 പൗണ്ട് ആയി കുറഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് ആനുകൂല്യം പൂര്‍ണ്ണമായും ഇല്ലാതെയായിട്ടും ഉണ്ട്. ഇതും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി.


നികുതി ഒഴിവാക്കുന്നതിനായി ക്യാഷ് ഐ എസ് എ തുറക്കുന്നത് നല്ലതായിരിക്കുമെന്ന് ലോറ പറയുന്നു. ഓരോ നികുതി വര്‍ഷത്തിലും 20,000 പൗണ്ട് വരെ നികുതി നല്‍കാതെ ഐ എസ് എയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഓരോരുത്തരും വ്യക്തിഗത സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ പറയൂന്നു.

 • തിരഞ്ഞെടുപ്പിന് മുമ്പേ യുകെയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചു! പലിശനിരക്ക് കുറച്ചേക്കും
 • തിരഞ്ഞെടുപ്പ്‌ അടുത്തുവരവേ യുകെയുടെ ജിഡിപി 0.7% വളര്‍ച്ച കൈവരിച്ചതായി ഒഎന്‍എസ്
 • സുനാകിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക പ്രഹരവും; പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും പലിശ നിരക്ക് കുറച്ചില്ല
 • യുകെയില്‍ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍; പലിശ നിരക്ക് കുറയുമോ?
 • 120 പ്രമുഖ ബിസിനസ് നേതാക്കള്‍ ലേബറിന് പരസ്യപിന്തുണയുമായി രംഗത്ത്
 • പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാഹചര്യം ഒരുങ്ങി; മോര്‍ട്ട്‌ഗേജ് നിരക്ക് കുറയും
 • യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭവാര്‍ത്ത; 2 വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം
 • ആറാം തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
 • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
 • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions